ഗംഭീര പ്രകടനം കാഴ്ച വെച്ച് 'തേജസ്'; ദുബായ് എയര്ഷോയില് ലോകത്തിന്റെ കൈയടി നേടിയ 'തേജസ് അത്ര പോര' എന്ന് പാകിസ്ഥാൻ
ദുബായ്: ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനങ്ങൾ ദുബായ് എയർഷോയിൽ ഗംഭീര പ്രകടനം കാഴ്ചവച്ചതിനെ ലോകരാജ്യങ്ങൾ മുഴുവൻ കൈയടിച്ച് അഭിനന്ദിച്ചപ്പോൾ പരിഹാസവുമായി പാകിസ്ഥാൻ. ദുബായിലെ അൽ മക്തൂം എയർപോർട്ടിൽ നടന്ന എയർ ഷോയിൽ തേജസ് നടത്തിയ പ്രകടനം അക്ഷരാർത്ഥത്തിൽ കാണികളെ അദ്ഭുതത്തിലാഴ്ത്തി. എന്നാൽ പാകിസ്ഥാൻ പതിവു പോലെ ഇന്ത്യൻ വിമാനത്തെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
ദുബായിലെ അല്‍ മക്തൂം എയര്‍പോര്‍ട്ടില്‍ നടന്ന എയര്‍ ഷോയില്‍ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍സിഎ) വിഭാഗത്തില്‍ പെട്ട തേജസ് സാങ്കേതിക വൈദഗ്ദ്ധ്യങ്ങളും, ആകാശത്തില്‍ പൊടുന്നനെ ഉയര്‍ന്നും താണും, കരണം മറിഞ്ഞുമെല്ലാം കാണികളെ അദ്ഭുതത്തിലാഴ്ത്തുകയായിരുന്നു.
അയല്‍ രാജ്യത്തെ സമൂഹമാദ്ധ്യമങ്ങളിലും, ചില പ്രതിരോധ പത്രപ്രവര്‍ത്തകരുടെ ട്വിറ്ററിലുമാണ് തേജസ് അത്ര പോര എന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. തേജസിന്റെ പ്രകടനത്തെ കുറ്റം പറയാന്‍ ഒന്നുമില്ലാത്തതിനാല്‍, വിമാനത്തിന്റെ ഡിസൈന്‍ അത്ര പോര എന്ന അഭിപ്രായമാണ് പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കുള്ളത്. ലഘുഭക്ഷണമായ സമൂസയോടാണ് അതിനാല്‍ അവര്‍ ഇന്ത്യയുടെ അഭിമാനമായ തേജസിനെ ഉപമിക്കുന്നത്.
അതേസമയം ദുബായ് എയർ ഷോയിൽ ഇന്ത്യ സ്വന്തമായി നിർമ്മിച്ച തേജസ് പോലെ ഒരു പാകിസ്ഥാൻ യുദ്ധവിമാനത്തിന്റെ അഭാവം കൊണ്ടാണ് ഇത്തരം ചിന്തകൾ ഉണ്ടാകുന്നത് എന്ന് ഇന്ത്യക്കാർ തിരിച്ചടിച്ചു. തേജസിന് പുറമേ ഇന്ത്യയുടെ അഞ്ച് സാരംഗ് ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും 10 സൂര്യകിരൺ ബിഎഇ ഹോക്ക് 132 വിമാനങ്ങളും ദുബായ് എയർഷോയിൽ പങ്കെടുക്കുന്നുണ്ട്.