ഷിംല: ഹിമാചൽ പ്രദേശിലെ ഷിംലയിൽ ദീപാവലിയുടെ തലേന്ന് ഇളയ സഹോദരനൊപ്പം കളിക്കുകയായിരുന്ന അഞ്ച് വയസുകാരനെ വന്യമൃഗം കൊണ്ടുപോയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
മൂന്ന് മാസത്തിനിടെ ഷിംലയിൽ ഇത്തരത്തിൽ രണ്ടാമത്തെ സംഭവമാണ്. ഓഗസ്റ്റിൽ, കൻലോഗ് പ്രദേശത്ത് നിന്ന് അഞ്ച് വയസ്സുള്ള പെൺകുട്ടിയെ പുള്ളിപ്പുലി കടിച്ച് കൊന്നിരുന്നു.
വ്യാഴാഴ്ച രാത്രി 8 മണിയോടെ പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ വീടിന് സമീപം ഇളയ സഹോദരനോടൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ വന്യമൃഗം കൊണ്ടുപോയി, ഇത് ഏത് മൃഗമാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ രവിശങ്കർ പറഞ്ഞു.
കുട്ടിയെ വന്യമൃഗം കൊണ്ടുപോയതായി ഇളയ സഹോദരൻ വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ ലോക്കൽ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് രാത്രി 11 മണിയോടെ വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌ക്യൂ ടീമിന് (ആർആർടി) ഒരു കോൾ ലഭിച്ചു.
ആർആർടിയും പോലീസിന്റെ ക്വിക്ക് റെസ്‌പോൺസ് ടീമും (ക്യുആർടി) സംയുക്തമായി തിരച്ചിൽ, രക്ഷാപ്രവർത്തനം ആരംഭിച്ചതായി ശങ്കർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
സംഭവസ്ഥലത്തിന് സമീപം ഒരു ജോടി ട്രൗസറും ചില രക്തക്കറകളും കണ്ടെത്തിയതായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയുടേതാണോയെന്ന് വനംവകുപ്പ് പരിശോധിച്ചുവരികയാണ്.
കുട്ടിയെ രക്ഷപ്പെടുത്തുന്നതിലാണ് വനംവകുപ്പിന്റെ ശ്രദ്ധയെന്നും ശങ്കർ പറഞ്ഞു.
ഓഗസ്റ്റിൽ അഞ്ച് വയസുകാരിയെ കൊന്ന പുലിയെ പിടികൂടാൻ നിരവധി കൂടുകൾ സ്ഥാപിച്ചിട്ടും വനംവകുപ്പിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം സമ്മതിച്ചു.