കോവാക്സിന്റെ ആഗോള ഉപയോഗത്തിനായി അനുമതി നൽകുന്നത് സംബന്ധിച്ച് അന്തിമ വിലയിരുത്തൽ നടത്താൻ ഭാരത് ബയോടെക്കിൽ നിന്നും കൂടുതൽ വിശദീകരണങ്ങൾ ആവശ്യമാണെ സാങ്കേതിക ഉപദേശക സമിതി തീരുമാനിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൊവ്വാഴ്ച അറിയിച്ചു.
“ഈ ആഴ്ച അവസാനത്തോടെ നിർമ്മാതാക്കളിൽ നിന്നും ഈ വിശദീകരണങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഒപ്പം അന്തിമ റിസ്ക്-ബെനിഫിറ്റ് വിലയിരുത്തലിനായി നവംബർ മൂന്ന് ബുധനാഴ്ച വീണ്ടും യോഗം ചേരാൻ ഉദ്ദേശിക്കുന്നു.” കോവാക്‌സിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന യോഗ തീരുമാനത്തെ കുറിച്ച് അറിയാൻ ഇന്ത്യൻ എക്സ്പ്രസ് അയച്ച ഇ-മെയിലിനു മറുപടി നൽകികൊണ്ട് ഡബ്ല്യുഎച്ച്ഒ പറഞ്ഞു.
“അടിയന്തര ഉപയോഗത്തിനു അനുമതി നൽകുന്ന സാങ്കേതിക ഉപദേശക സമിതി, എമർജൻസി യൂസ് ലിസ്റ്റിങ് (ഇയുഎൽ) നടപടിക്രമത്തിന് കീഴിൽ ഒരു കോവിഡ് വാക്സിൻ അടിയന്തര ഉപയോഗത്തിനായി നൽകാനാകുമോ എന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് ശുപാർശകൾ നൽകുന്ന ഒരു സ്വതന്ത്ര ഉപദേശക സംഘമാണ്. അവർ ഇന്ന് (26 ഒക്ടോബർ 2021) യോഗം ചേർന്നു, വാക്സിന്റെ ആഗോള ഉപയോഗത്തിനായി അന്തിമ ഇയുഎൽ റിസ്ക്-ബെനിഫിറ്റ് വിലയിരുത്തൽ നടത്താൻ നിർമ്മാതാവിൽ നിന്ന് കൂടുതൽ വ്യക്തതകൾ ആവശ്യമാണെന്ന് തീരുമാനിച്ചു,”
എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമേ അനുമതി നൽകാൻ കഴിയുകയുള്ളൂവെന്നും ആവശ്യമായ ഡാറ്റ വാക്സിൻ നിർമ്മാതാക്കൾക്ക് എത്ര വേഗത്തിൽ നൽകാൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുകയെന്നും ഡബ്ല്യുഎച്ച്ഒ ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.
കോവാക്സിൻ മറ്റു രാജ്യങ്ങൾ അംഗീകരിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ അനുമതി നിർണായകമാണ്. ഈ വാക്‌സിൻ എടുത്ത ഇന്ത്യക്കാരുടെ വിദേശ യാത്രയെക്കുറിച്ചുള്ള അനിശ്ചിതത്വം മാറാനും അനുമതി പ്രധാനമാണ്.