ജിം കോർബറ്റ് പാർക്കിന്റെ പേരുമാറ്റി രാം ഗംഗ പാർക്ക് എന്നാക്കണം: കേന്ദ്രമന്ത്രി
الأربعاء, أكتوبر 06, 2021
ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയ പാർക്കിന്റെ പേരുമാറ്റി രാം ഗംഗ പാർക്ക് എന്നാക്കണം എന്ന് കേന്ദ്ര വനം വകുപ്പ് മന്ത്രി അശ്വിനി കുമാർ ചൗബേ. ഒക്ടോബർ മൂന്നിന് അദ്ദേഹം പാർക്ക് സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പേരുമാറ്റമെന്ന ആശയവുമായി അദ്ദേഹം രംഗത്തെത്തിയത്. പാർക്കിൻ്റെ മുൻപത്തെ പേര് രാം ഗംഗ പാർക്ക് എന്ന് തന്നെയായിരുന്നു. 1956ലാണ് പേരു മാറ്റി ജിം കോർബറ്റ് നാഷണൽ പാർക്ക് എന്നാക്കിയത്. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ദേശീയ പാർക്കാണ് ജിം കോർബറ്റ് പാർക്ക്. 520 സ്ക്വയർ കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന പാർക്ക് 1930ൽ ഹെയ്ലി നാഷണൽ പാർക്ക് എന്ന പേരിലാണ് സ്ഥാപിച്ചത്. 1952ൽ പേരു മാറ്റി രാം ഗംഗ പാർക്ക് എന്നാക്കി. നാല് വർഷങ്ങൾക്കു ശേഷം പേര് വീണ്ടും മാറ്റി ജിം കോർബറ്റ് പാർക്ക് എന്നാക്കി. നരഭോജികളായ കടുവകളെ വേട്ടയാടിയിരുന്നയാളാണ് കോർബറ്റ്. പാർക്ക് സ്ഥാപിക്കുന്നതിലും അദ്ദേഹത്തിന് നിർണായക പങ്കുണ്ടായിരുന്നു.