മധുരം ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. നമ്മുടെ സന്തോഷത്തിന്റെ പ്രതീകം കൂടിയാണ് മധുരം എന്ന് പറയേണ്ടി വരും. കാരണം സന്തോഷവേളകളിലെല്ലാം അല്പം മധുരം നൽകിയാണ് നമ്മൾ ആഘോഷിക്കാറുള്ളത്. സത്യത്തിൽ മധുരവും സന്തോഷവും തമ്മിൽ ബന്ധമുണ്ടോ? ശാസ്ത്രീയമായി ഇതിന് ഏതെങ്കിലും തരത്തിൽ തെളിയിക്കപ്പെട്ടതാണോ? നമുക്ക് പരിശോധിക്കാം…
എങ്ങനെയാണ് മധുരം സന്തോഷം നൽകുന്നത്
ഈ മധുരം അഥവാ അന്നജം എന്ന് പറയുന്നത് കോശങ്ങൾക്ക് വേണ്ടവിധം പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജം പ്രധാനം ചെയ്യുന്ന ഒന്നാണ്. ഇത് തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ പ്രധാന ഘടങ്ങളിൽ ഉൾപ്പെടുന്നു. മധുരം കഴിക്കുമ്പോൾ ഡോപോമിൻ എന്ന രാസപദാർത്ഥം ഉത്പാദിപ്പിക്കപ്പെടുകയും ഉത്പാദിപ്പിക്കപ്പെടുന്ന തലച്ചോറിന്റെ ഭാഗം ഉത്തേജിക്കപ്പെടുകയും ചെയുന്നു. ഇതിന്റെ ഫലമായി നമ്മുടെ മാനസികാവസ്ഥ ഉയരുന്നു എന്നത് സത്യം തന്നെയാണ്. ഇതുകൊണ്ടാണ് നമ്മുടെ സന്തോഷ വേളകളിൽ മധുരം സ്ഥാനം പിടിക്കുന്നത്.
മധുരം വിഷാദത്തിലേക്ക് നയിക്കുമോ?
നേരത്തെ സൂചിപ്പിച്ചതുപോലെ മധുരം നമ്മുടെ മാനസികാവസ്ഥ ഉയർത്താൻ സഹായിക്കുന്നു എന്നത് വസ്തുത തന്നെയാണ്. അതുകൊണ്ടാണ് നമ്മുടെ മൂഡ് ഉയർത്താൻ കൂടുതൽ മധുരം കഴിക്കാൻ നമുക്ക് തോന്നുന്നത്. പക്ഷെ കൂടുതൽ മധുരം കഴിക്കും തോറും മാനസികാവസ്ഥ ഉയർത്താനുള്ള ധാതുലവണങ്ങൾ ക്രമേണ ഉപയോഗിച്ച് തീരുന്നു എന്നതാണ് ഇതിന്റെ ഫലമായി സംഭവിക്കുന്നത്. ഇത് നമ്മെ വിഷാദ രോഗത്തിലേക്ക് നയിക്കാൻ കാരണമായേക്കാം. കൂടാതെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെയും അധികമായി മധുരം കഴിക്കുന്നത് ബാധിക്കുന്നു. ക്രമേണ നാം ഉത്തേജിപ്പിക്കപ്പെടണമെങ്കിൽ നാം അധിക മധുരം ഉള്ളിൽ ചെല്ലേണ്ടി വരും എന്ന് സാരം.
മധുരം അധികമായാലുള്ള ശാരീരിക പ്രശ്നങ്ങൾ?
വിഷാദ രോഗം മാത്രമല്ല, ശരീരത്തിൽ നീർക്കെട്ട് ഉണ്ടാക്കുന്ന പല രാസപദാർത്ഥങ്ങളെ ഉത്തേജിപ്പിക്കുകയും നമുക്ക് സന്തോഷത്തിന് പകരം സങ്കടവും നിരാശയും ഉണ്ടാകാനും അധിക മധുരം കാരണമാകും. നീർക്കെട്ട് ഉണ്ടാക്കുന്ന രാസപദാർത്ഥങ്ങൾ മാത്രമല്ല സ്കീസോഫ്രീനിയ, ബൈപോളാർ ഡിസോർഡർ മുതലായ രോഗങ്ങൾക്കുള്ള സാധ്യതയും മധുരം അധികമായി കഴിക്കുന്നതിന്റെ പാർശ്വഫലങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ചുരുക്കത്തിൽ മധുരം അതികമായാൽ വിഷാദ രോഗവും മറ്റു മാനസിക രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ് എന്ന് സാരം.
പ്രത്യേകിച്ച് മധുരം അതികം സംസ്കരിക്കപ്പെട്ടത് അതായത് റിഫൈൻഡ് ഷുഗർ ആണെങ്കിൽ ഇതിന് സാധ്യത വളരെ കൂടുതലാണ്. സംസ്കരിച്ച ഷുഗർ പല മധുര പാനീയങ്ങളിലും ഐസ്ക്രീമിലും പലഹാരങ്ങളിലും ധാരാളമായി കണ്ടുവരുന്നു. നാം വിഷാദ അവസ്ഥയിൽ അല്ലെങ്കിൽ ഉത്കണ്ഠയിൽ ഇരിക്കുന്ന സമയത്ത് മധുരം കഴിക്കാനായി പ്രേരിപ്പിക്കുന്ന ഘടകവും മധുരത്തിന്റെ ഡോപോമിനെ ഉത്പാദിപ്പിക്കാനുള്ള തലച്ചോറിന്റെ കോശത്തെ പ്രേരിപ്പിക്കാനുള്ള ഉത്തേജനം ആയതുകൊണ്ടും കൂടിയാണിത്. ചുരുക്കത്തിൽ മൂഡ് വർധിപ്പിക്കാനും വിഷാദം ഉണ്ടാക്കുവാനും മധുരത്തിന് കഴിയുമെന്നാണ് സാരം.