ഇന്ത്യയിൽ ജനന സര്‍ട്ടിഫിക്കറ്റ് (Birth Certificate) പൗരത്വ രേഖയാക്കാന്‍ (Citizenship Document) കേന്ദ്ര സര്‍ക്കാരിന്റെ (Union Government) നടപടി ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിനുള്ള നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Prime Minister Narendra Modi) അറുപതിന കർമ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതായാണ് വിവരം.
വിഷയത്തില്‍ പഠനം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി വിവിധ മന്ത്രാലയ സെക്രട്ടറിമാര്‍ക്ക് നിർദേശം നല്‍കി. ഈ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയായി കണക്കാകുമോ എന്ന കാരൃത്തില്‍ തീരുമാനമുണ്ടാകുക.
രാജ്യത്ത് പൗരത്വത്തിന് ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്താനാണ് നീക്കം. കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ അധ്യക്ഷയില്‍ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പ്രധാനമന്ത്രി നിര്‍ദേശം മുന്നോട്ടുവച്ചത്.
പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങളെ തുടര്‍ന്ന് പൗരത്വ രേഖ ലഭ്യമാക്കുന്നതിന് ലളിതമായ മാര്‍ഗം സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഉടൻ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
അഞ്ച് വര്‍ഷം കൊണ്ട് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, ചേരി നിർമ്മാര്‍ജ്ജനം തുടങ്ങിയ നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രിയുടെ അറുപതിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിവില്‍ സര്‍വീസ് പരിഷ്‌കരണം, ബിസിനസ് അന്തരീക്ഷം വികസിപ്പിക്കല്‍, വിവരസാങ്കേതിക വിദ്യയെ ഭരണത്തിനായി ഉപയോഗപ്പെടുത്തല്‍ എന്നിവയും നിര്‍ദേശത്തിലുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഉത്തേജിപ്പിക്കുന്ന പദ്ധതികള്‍ക്കാണ് 60 ഇന പരിപാടിയില്‍ പ്രധാനമായും ഊന്നല്‍ കൊടുക്കുന്നത്.