ഹൈലൈറ്റ്:
രാജ്യത്തിനുള്ള അംഗീകാരമെന്ന് ഇന്ത്യൻ അംബാസഡര്‍
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഇന്ത്യ
തെരഞ്ഞെടുപ്പ് നടന്നത് വ്യാഴാഴ്ച
ജനീവ: യുഎൻ പൊതുസഭയിലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയതോടെ ഇന്ത്യ വീണ്ടും യുഎൻ മനുഷ്യാവകാശ സമിതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.ജനാധിപത്യത്തിലും ബഹുസ്വരതയിലും മൗലികാവകാശങ്ങളിലും വേരൂന്നിയരാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ അംബാസഡര്‍ വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് 76-ാം യുഎൻ പൊതുസഭ മനുഷ്യാവകാശ സമിതിയിലേയ്ക്കുള്ള 18 അംഗങ്ങളെ തെരഞ്ഞെടുത്തത്. 2022 ജനുവരി മുതൽ അടുത്ത മൂന്ന് വര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. 193 അംഗങ്ങളുള്ള സഭയിൽ കുറഞ്ഞത് 97 രാജ്യങ്ങളുടെ പിന്തുണയാണ് യുഎൻഎച്ച്ആര്‍സി അംഗത്വം ലഭിക്കാൻ വേണ്ടത്. എന്നാൽ ഇന്ത്യയ്ക്ക് അനുകൂലമായി 184 രാജ്യങ്ങളാണ് വോട്ട് ചെയ്തത്.
സംവാദത്തിലൂടെയും സഹവര്‍ത്തിത്തതിലൂടെയും മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരാംഗം ടിഎസ് തിരുമൂര്‍ത്തി പറഞ്ഞു. "മനുഷ്യാവകാശ സമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ഇന്ത്യയ്ക്ക് വലിയ പിന്തുണ ലഭിച്ചതിൽ സന്തോഷമുണ്ട്. ജനാധിപത്യത്തിൽ ഊന്നിയ പ്രവര്‍ത്തനത്തിനും ബഹുസ്വരതയ്ക്കും ഭരണഘടന മുന്നോട്ടു വെക്കുന്ന മൗലികാവകാശങ്ങള്‍ക്കുമുള്ള വലിയ അംഗീകാരമാണ് ഇത്. ശക്തമായ തെരഞ്ഞെടുപ്പ് വിജയം സമ്മാനിച്ചതിന് യുഎൻ അംഗരാജ്യങ്ങള്‍ക്ക് ഞാൻ നന്ദി പറയുന്നു." അദ്ദേഹം വാര്‍ത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.