ആശുപത്രിയിലെത്തിയ തനിക്ക് മര്‍ദ്ദനം ഏറ്റ സംഭവം വെളിപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. മിന്നൽ പരിശോധനയുടെ ഭാഗമായി സാധാരണ രോഗിയുടെ വേഷത്തിൽ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലെത്തിയപ്പോഴാണ് മൻസുഖ് മാണ്ഡവ്യയെ ജീവനക്കാർ കൈകാര്യം ചെയ്തത്.
സഫ്ദർജങ് ആശുപത്രിയിലെ യഥാർഥ അവസ്ഥ അറിയാൻ വേഷംമാറിയെത്തിയ തന്നെ ഗേറ്റിൽ വെച്ച് സുരക്ഷാ ജീവനക്കാരൻ ഇടിച്ചതായും ബെഞ്ചിൽ ഇരിക്കാൻ ശ്രമിച്ചപ്പോൾ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതായും ആരോഗ്യമന്ത്രി പറഞ്ഞു.
തന്നെ ജീവനക്കാർ മർദ്ദിച്ചതായും അധിക്ഷേപിച്ചതായും വെളിപ്പെടുത്തിയ മന്ത്രി താൻ ആശുപത്രിയിൽ കണ്ട സംഭവങ്ങളും വെളിപ്പെടുത്തി. രാജ്യത്തെ വിവിധ ആശുപത്രികളിൽ ഇപ്പോഴും നിലനിൽക്കുന്ന അനീതി തുറന്ന് കാണിക്കുന്നതായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ വാക്കുകൾ.
ഒട്ടേറെ രോഗികൾ സ്‌ട്രെച്ചറുകളും മറ്റ് ചികിത്സാസഹായങ്ങളും ലഭിക്കുന്നതിൽ പ്രശ്‌നങ്ങൾ നേരിടുന്നത് കണ്ടെത്തി. ഓക്‌സിജൻ പ്ലാന്റ് ഉൾപ്പെടെ ആശുപത്രിയിലെ നാല് സൗകര്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവേളയിൽ മന്ത്രി തന്നെയാണ് കൈയേറ്റവിവരം വെളിപ്പെടുത്തിയത്.
തന്റെ മകനുവേണ്ടി ഒരു സ്‌ട്രെച്ചർ എടുക്കണമെന്ന് ജീവനക്കാരോട് കേണപേക്ഷിക്കുന്ന എഴുപത്തിയഞ്ചുകാരിയെ കണ്ടു. '1500 സുരക്ഷാ ജീവനക്കാരുള്ള ആശുപത്രിയിൽ ഒരാൾപോലും അവരുടെ സഹായത്തിനെത്തിയില്ല. ജീവനക്കാരുടെ ഇത്തരം പെരുമാറ്റത്തിൽ സംതൃപ്തനല്ലെന്നും മന്ത്രി വ്യക്തമാക്കി.
എനിക്കുണ്ടായ ദുരനുഭവം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തിരുന്നു. ജീവനക്കാരനെ പുറത്താക്കിയോ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ ഈ വ്യവസ്ഥിതിയിൽ മാറ്റമുണ്ടാകാതെ ഒരാളെ ശിക്ഷിച്ചിട്ട് കാര്യമില്ലെന്ന് മറുപടി നൽകിയതായും മാണ്ഡവ്യ പറഞ്ഞു. ആശുപത്രിയും അവിടുത്തെ ജീവനക്കാരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അതിനാൽ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ജീവനക്കാരെ ഓർമപ്പെടുത്തി. ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ ഡോക്ടർമാർ നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.