ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിർത്തണമെങ്കിൽ ഇന്ന് ജയം അനിവാര്യമാണ്. പട്ടികയിൽ മൂന്നാമതുള്ള ബാംഗ്ലൂർ ഏറെക്കുറെ സുരക്ഷിതരാണെങ്കിലും ഈ കളി ജയിച്ച് പ്ലേ ഓഫ് യാത്ര എളുപ്പമാക്കുകയാവും അവരുടെ ലക്ഷ്യം. ഇന്ത്യൻ സമയം ഇന്ന് രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.
രണ്ടാം പദത്തിൽ ഏറ്റവും ദുർബലമായ ടീമാണ് രാജസ്ഥാൻ റോയൽസ്. പ്രത്യേകിച്ച് ആഭ്യന്തര പൂൾ വളരെ ദുർബലമാണ്. ഇന്ത്യൻ ദേശീയ ടീമിൽ കളിച്ചവർ ആകെ 2 പേരാണുള്ളത്. സഞ്ജുവും ഉനദ്കട്ടും. രണ്ട് പേരും ചേർന്ന് ആകെ 29 രാജ്യാന്തര മത്സരങ്ങളിൽ മാത്രമാണ് കളിച്ചിട്ടുള്ളത്. ബാറ്റിംഗിൽ സഞ്ജു മാത്രമാണ് സ്ഥിരത പുലർത്തുന്നത്. ഓപ്പണർ യശസ്വി ജയ്സ്വാളും മഹിപാൽ ലോംറോറും ചില നല്ല ഇന്നിംഗ്സുകൾ കളിച്ചു. പിന്നീട് വരുന്നവർ ആരും ഫോമിലല്ല. രാഹുൽ തെവാട്ടിയ, റിയൻ പരഗ്, ലിയാം ലിവിങ്സ്റ്റൺ എന്നിവരൊക്കെ ഫോം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്. ബൗളിംഗിൽ മുസ്തഫിസുർ റഹ്മാൻ മാത്രമേ ഫോമിലുള്ളൂ. കാർത്തിക് ത്യാഗിയും ചേതൻ സക്കരിയയും ഒറ്റപ്പെട്ട ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തുന്നുണ്ടെങ്കിലും അതൊന്നും മതിയായതല്ല. മോറിസ് ആവട്ടെ, ബാറ്റിംഗിലും ബൗളിംഗിലും അമ്പേ പരാജയമാണ്.