വിവാദമായ യൂറോപ്യൻ സൂപ്പർ ലീഗിൻ്റെ സ്ഥാപകരായ എഫ്സി ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവൻ്റസ് എന്നീ ക്ലബുകൾക്കെതിരായ കേസ് പിൻവലിച്ച് യുവേഫ. മാഡ്രിഡ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. വിവരം യുവേഫ തന്നെ അറിയിച്ചു. യൂറോപ്പിലെ മുൻനിര ലീഗുകളിലെ പ്രധാനപ്പെട്ട 12 ക്ലബുകൾ ചേർന്നാണ് യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയം മുന്നോട്ടുവച്ചത്. (UEFA European Super League)
അതേസമയം, യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് ഇതുവരെ പിന്മാറാത്ത ക്ലബുകൾക്കെതിരെ നടപടിയെടുക്കുമെന്ന നിലപാടിൽ നിന്ന് നേരത്തെ തന്നെ യുവേഫ മലക്കം മറിഞ്ഞിരുന്നു. റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവൻ്റസ് എന്നീ ടീമുകൾക്കെതിരെ നടപടിയെടുക്കുമെന്നറിയിച്ച യുവേഫയാണ് പിന്നീട് നിലപാടിൽ നിന്ന് പിന്നാക്കം പോയത്. തത്കാലം ഈ ക്ലബുകൾക്കെതിരെ നടപടി എടുക്കേണ്ടതില്ല എന്നായിരുന്നു യുവേഫയുടെ തീരുമാനം.
വിവാദമായതിനു പിന്നാലെ ക്ലബുകൾ ഓരോന്നായി പിന്മാറി. എന്നാൽ, യുവൻ്റസ്, ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നീ ടീമുകൾ പിന്മാറാൻ തയ്യാറായില്ല. തുടർന്ന് ഈ ടീമുകൾക്കെതിരെ നടപടി എടുക്കുമെന്ന് യുവേഫ പ്രഖ്യാപിച്ചു.