വാഹനത്തിലിരുന്ന് ആളുകൾക്ക് വാക്സിനേഷൻ സ്വീകരിക്കാം. ഡ്രൈവ് ത്രൂ വാക്സിനേഷൻ ആരംഭിച്ച തിരുവനന്തപുരം വുമൺസ് കോളേജ് വീണാ ജോർജ്ജ് സന്ദർശിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിലൂടെ ഓണം അവധി ദിവസങ്ങളിൽ ഉൾപ്പടെ പരമാവധി ആളുകൾക്ക് വാക്സിൻ നൽകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു കേന്ദ്രം. ഇത്തരത്തിൽ വാക്സിൻ ലഭിക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കണം.
ഇതിനകം നൂറോളം പേർ വുമൺസ് കോളേജിൽ നിന്ന് വാക്സിനെടുത്ത് മടങ്ങി. ആദ്യ ഘട്ടത്തിൽ തന്നെ മികച്ച പ്രതികരണമാണ് ഡ്രൈവ് ത്രൂ വാക്സിനേഷന് ലഭിച്ചത്.
"കേന്ദ്ര ആരോഗ്യമന്ത്രിയുമായി പോസിറ്റീവായ മീറ്റിങ് ആണ് നടന്നത്.
രോഗം വരാൻ ഏറ്റവും സാധ്യതയുള്ള സംസ്ഥാനം കേരളമാണ്. കൃത്യമായ പ്രോട്ടോക്കോൾ പാലിച്ച് കർശനമായ സുരക്ഷ ജനങ്ങൾക്ക് നൽകാൻ സാധിച്ചതുകൊണ്ടാണ് നമ്മുടെ ആളുകൾക്ക് കോവിഡ് വരാതെ ഇരുന്നത്". രോഗം വരാത്ത ആ അമ്പത് ശതമാനത്തിനു ഇനി രോഗം വരാൻ സാധ്യതയുള്ളതിനാൽ അവർക്ക് വക്സിനേഷന് അവകാശമുണ്ടെന്നും വീണ ജോർജ്ജ് പറഞ്ഞു.
ഒരു കോടി 15 ലക്ഷം വാക്സിനേഷൻ വേണമെന്ന ആവശ്യം കേന്ദ്രത്തോട് ഉന്നയിച്ചത് ഒന്നാം ഡോസ് എല്ലാവരിലും എത്താൻ അവശ്യമായ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്. കേന്ദ്ര ആരോഗ്യമന്ത്രിയുമായുമുള്ള കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതാണെന്നും വീണ ജോർജ്ജ് പറഞ്ഞു.ഡ്രൈവ് ത്രൂ വാക്സിനേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.