16ആം വയസ്സിൽ അരങ്ങേറ്റം; 17 വർഷങ്ങൾക്കു ശേഷം കുപ്പായമഴിച്ചു: മെസിയും ബാഴ്സയും തമ്മിൽ
വെള്ളിയാഴ്ച, ഓഗസ്റ്റ് 06, 2021
22 വർഷങ്ങൾക്കു മുൻപ് ഒരു ടിഷ്യൂ പേപ്പറിൽ മെസിയെ ബാഴ്സയിലേക്ക് സൈൻ ചെയ്ത് കഥയുണ്ട്. കാർലസ് റെക്സാച് എന്ന ബാഴ്സലോണ എക്സിക്യൂട്ടിവ് ഒപ്പുവച്ച ടിഷ്യൂ പേപ്പർ ഇപ്പോൾ ഈ നീക്കം സാധ്യമാക്കിയ ഹൊറാഷ്യോ ഗാജിയോളി ചില്ലിട്ട് സൂക്ഷിച്ചിരിക്കുകയാണ്. അത് അസാധാരണമായ ഒരു ചരിത്രത്തിൻ്റെ അതിലും അസാധാരണമായ തുടക്കമായിരുന്നു. 12ആം വയസ്സിലെ ടിഷ്യൂ പേപ്പർ കരാറിനു ശേഷം മെസി ബ്ലോഗ്രാനയിലുണ്ടായിരുന്നത് രണ്ട് പതിറ്റാണ്ടിലധികമാണ്. 2003ൽ ബാഴ്സലോണ സിയിലൂടെ അരങ്ങേറി ബാഴ്സലോണ ബിയിലൂടെ 2003ൽ മെസി സീനിയർ കുപ്പായമണിഞ്ഞു. അന്ന് മെസിക്ക് 16 വയസ്സ്. ബാഴ്സലോണ ഫസ്റ്റ് ടീം താരമായി മെസി ആദ്യ കരാർ ഒപ്പിടുന്നത് 17ആം വയസ്സിലാണ്. അത് കഴിഞ്ഞിട്ട് ഇപ്പോൾ 17 വർഷം പൂർത്തിയായി. രണ്ടാം പതിനേഴിൽ മെസി ബാഴ്സലോണ ജഴ്സി അഴിച്ചുവെക്കുകയാണ്. ഒന്നര പതിറ്റാണ്ടിലധികം നീണ്ട കരിയറിനു ശേഷം മെസി ബാഴ്സലോണ വിടുകയാണ്. (lionel messi barcelona remembering)