തങ്ങൾ വികസിപ്പിച്ച വാക്‌സിന്റെ അടിയന്തര ഉപയോഗ അനുമതിക്കായി ഡിസിജിഐയെ സമീപിച്ച് സൈഡസ് കാഡില. 12 വയസിന് മുകളിലുള്ളവർക്ക് ഉൾപ്പെടെ ഉപയോഗിക്കാൻ സാധിക്കുന്ന വാക്‌സിനാണ് ഇത്.
ഇന്ത്യയിലെ ആദ്യത്തെ ഡിഎൻഎ വാക്‌സിനാണ് സൈകോവ്-ഡി. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് അപേക്ഷ നൽകിയത്. രാജ്യത്തെ 28,000 പേരിലാണ് സൈകോവ്-ഡി ക്ലിനിക്കൽ പരീക്ഷണം നടത്തിയത്. 12 വയസ് മുതൽ 18 വയസ് വരെയുള്ള ആയിരം പേരിലും വിജയകരമായി പരീക്ഷണം നടത്തിയിരുന്നു.
സൈകോവ്-ഡിക്ക് അനുമതി നൽകിയാൽ രാജ്യത്ത് അനുമതി നൽകുന്ന അഞ്ചാം കൊവിഡ് വാക്‌സിനാകും ഇത്. നേരത്തെ കൊവാക്‌സിൻ, കൊവിഷീൽഡ്, സ്പുട്‌നിക് വി, മൊഡേണ എന്നീ വാക്‌സിനുകൾക്ക് ഡിസിജിഐ അനുമതി നൽകിയിരുന്നു