ടോക്യോ ഒളിമ്പിക്സ്: അമ്പെയ്ത്തിൽ ഇന്ത്യക്ക് ജയം; ബാഡ്മിന്റണിൽ സിന്ധു മുന്നേറുന്നു
ബുധനാഴ്ച, ജൂലൈ 28, 2021
ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യയുടെ തരുൺദീപ് റായ്ക്ക് ജയം. ഉക്രൈൻ്റെ ഒലക്സി ഹുൻബിനെയാണ് ആദ്യ റൗണ്ടിൽ ഇന്ത്യൻ താരം പരാജയപ്പെടുത്തിയത്. സ്കോർ 6-4. 4-1 എന്ന സ്കോറിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് തരുൺദീപ് ആവേശജയം സ്വന്തമാക്കിയത്. ഇസ്രയേലിൻ്റെ ഇറ്റലി ഷാനിയാണ് അടുത്ത ഘട്ടത്തിൽ തരുൺദീപിൻ്റെ എതിരാളി. ജപ്പാൻ്റെ ഹിരോകി മുട്ടോയെ 7-3 എന്ന സ്കോറിനു കീഴ്പ്പെടുത്തിയാണ് ഇസ്രയേൽ താരം അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. (tokyo olympics archery sindhu)
അതേസമയം, വനിതകളുടെ ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി. 21-9 എന്ന സ്കോറിനാണ് സിന്ധു ഹോങ് കോങ് താരം ച്യുങ് ങാനെതിരെ മുന്നിട്ടുനിൽക്കുന്നത്.
നേരത്തെ, ടോക്യോ ഒളിമ്പിക്സിലെ ആദ്യ ഇരട്ട സ്വർണം ഓസ്ട്രേലിയയുടെ നീന്തൽ താരം ആരിയാൻ റ്റിറ്റ്മസ് സ്വന്തമാക്കിയിരുന്നു. വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിലാണ് താരത്തിൻ്റെ രണ്ടാം സ്വർണനേട്ടം. നേരത്തെ 400 മീറ്റർ ഫ്രീസ്റ്റൈലിലായിരുന്നു താരത്തിൻ്റെ ആദ്യ സ്വർണം. 400 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം നേടിയതിനു പിന്നാലെ പരിശീലകൻ ഡീൻ ബോക്സലിൻ്റെ ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.