ന്യൂഡൽഹി: ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം ഉപഭോക്താക്കൾക്കായി പുതിയ വായ്പ പദ്ധതി അവതരിപ്പിച്ചു. ഗാർഹിക ചെലവുകൾ കൈകാര്യം ചെയ്യാൻ ഉപഭോക്താക്കൾക്ക് ചെറിയ വായ്പകൾ ലഭ്യമാക്കുന്നതാണ് പദ്ധതി. പോസ്റ്റ്പെയ്ഡ് മിനി എന്ന പേരിൽ ആരംഭിച്ച വായ്പ പദ്ധതി സാധനങ്ങൾ വാങ്ങിച്ച് പണം പിന്നീട് അടയ്ക്കുന്ന 'ബൈ നൗ പേ ലേയ്റ്റർ' സംവിധാനത്തിന് തുല്യമായ സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
ആദിത്യ ബിർള ഫിനാൻസ് ലിമിറ്റഡിന്റെ പങ്കാളിത്തത്തിലാണ് കമ്പനി പുതിയ സേവനം ആരംഭിച്ചത്. പലിശയോ വാർഷിക ഫീസോ ആക്റ്റിവേഷൻ ചാർജുകളോ ഈടാക്കാതെയാണ് പേടിഎം ഉപഭോക്താക്കൾക്ക് വായ്പ നൽകുക. എങ്കിലും കുറഞ്ഞൊരു ഫീസ് കമ്പനി ഈടാക്കുന്നുണ്ട്. അപേക്ഷിച്ച് തൽക്ഷണം തന്നെ വായ്പ തുക ഉപഭോക്താവിന്റെ അക്കൗണ്ടിലെത്തും. 250 രൂപ മുതൽ 1000 രൂപവരെ വായ്പയായി ലഭിക്കും. ഒരുമാസമാണ് വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള കാലാവധി.