ബ്രസീലിൽ നിന്ന് ടോക്യോ ഒളിമ്പിക്സ് വേദിയിൽ എത്തിയ ഇറ്റാലോ ഫേരേരയ്ക്ക് ഇത് അഭിമാന നിമിഷമാണ്. സർഫിങ്ങിൽ സ്വർണ നേട്ടമാണ് ഇറ്റാലോ സ്വന്തമാക്കിയത്. നിശ്ചയദാർഢ്യവും കഠിനാധ്വാനവുമാണ് സ്വപ്നതുല്യമായ നേട്ടത്തിലേയ്ക്ക് ഇറ്റാലോയെ എത്തിച്ചത്, ഒപ്പം കുടുംബത്തിന്റെ പിന്തുണയും
ബ്രസീലിലെ വടക്കു കിഴക്കൻ തീരമേഖലയായ ബെയഫോർമോസസിലാണ് ഇറ്റാലോ ജനിച്ചു വളർന്നത്. ജനജംഖ്യ വളരെ കുറഞ്ഞ പ്രദേശം. ഭൂരിഭാഗവും മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്നവർ. മീൻ വിൽപനക്കാരനായ പിതാവ് ഉപയോഗിച്ചിരുന്ന കൂളർ ബോക്സിന്റെ അടപ്പ് ആയിരുന്നു ഇറ്റാലോയുടെ ആദ്യ സർഫിങ്ങ് ബോർഡ്. പിതാവിന്റെ തുച്ഛവരുമാനംകൊണ്ട് കുടുംബം പുലർന്നുപോകുമ്പോൾ ഒരു സർഫിങ്ങ് ബോർഡൊന്നും ഇറ്റോലോയ്ക്ക് സ്വപ്നം കാണാൻ കഴിയുന്നതായിരുന്നില്ല. സർഫിങ്ങിനോടുള്ള ഇറ്റാലോയുടെ അടങ്ങാത്ത താത്പര്യം മനസിലാക്കിയ, പിതാവിന്റെ പഴയൊരു സുഹൃത്താണ് ആദ്യമായി സർഫിങ്ങ് ബോർഡ് വാങ്ങി നൽകുന്നത്. ആദ്യ മത്സരത്തിൽ വിജയിച്ച് ഇറ്റാലോ സർഫിങ്ങിൽ തുടക്കം കുറിച്ചു. പിന്നീട് പ്രാദേശിക മത്സരങ്ങളിലും ദേശീയ മത്സരങ്ങളിലും ഇറ്റാലോ തിളങ്ങി. 2019 ൽ ലോക സർഫ് ലീഗ് ചാമ്പ്യനായി.
ഒളിമ്പിക്സിലെ സ്വർണ നേട്ടത്തിന് ശേഷം ‘ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം’എന്നാണ് ഇറ്റാലോ പ്രതികരിച്ചത്. നന്ദി പറഞ്ഞത് തന്നെ താനാക്കിയ പിതാവിനും നാടിനും.