ലണ്ടന്‍: യൂറോ കപ്പില്‍ കന്നി ഫൈനലില്‍ തന്നെ കിരീടമോഹവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇറ്റലിക്കു കിരീടം. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നായിരുന്നു അസൂറിപ്പട ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചത്. ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ ഡൊണാറുമയാണ് ഇറ്റലിയുടെ ഹീറോയായത്. രണ്ടു കിക്കുകള്‍ താരം തടുത്തിട്ടു. ഇറ്റലിക്കായി ബെറാര്‍ഡി, ബൊനൂച്ചി, ബെര്‍ണാഡെഷി എന്നിവരാണ് ലക്ഷ്യം കണ്ടത്. ബെലോറ്റി, ജോര്‍ജീഞ്ഞോ എന്നിവരുടെ കിക്കുകള്‍ ഇംഗ്ലീഷ് ഗോളി പിക്ഫോര്‍ഡ് ബ്ലോക്ക് ചെയ്തു. ഇംഗ്ലണ്ടിനായി നായകന്‍ ഹാരി കെയ്ന്‍, ഹാരി മഗ്വയര്‍ എന്നിവര്‍ക്കു മാത്രമേ ലക്ഷ്യം കാണാനായുള്ളൂ. സാഞ്ചോ, സാക്ക എന്നിവരുടെ കിക്കുകള്‍ ഡൊണാറുമ തടുത്തിട്ടപ്പോള്‍ റഷ്ഫോര്‍ഡിന്റെ കിക്ക് പോസ്റ്റില്‍ തട്ടി പുറത്തുപോവുകയായിരുന്നു.
ഇറ്റലിയുടെ രണ്ടാമത്തെ യൂറോപ്യന്‍ കിരീട വിജയമാണിത്. അവസാനമായി 1968ലായിരുന്നു അസൂറികള്‍ യൂറോപ്പിലെ രാജാക്കന്‍മാരായാത്. ഇറ്റലി- ഇംഗ്ലണ്ട് കലാശപ്പോര് നിശ്ചിസമയത്തും അധികസമയത്തും സ്‌കോര്‍ 1-1നു തുല്യമായി തുടര്‍ന്നതോടെയാണ് വിജയികളെ തീരുമാനിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്. നിശ്ചിതസമയത്ത് ഇംഗ്ലണ്ടായിരുന്നു ആദ്യം മുന്നിലെത്തിയത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ലൂക്ക് ഷോ ഇംഗ്ലണ്ടിനു ലീഡ് സമ്മാനിച്ചിരുന്നു. ദേശീയ ടീമിനായി അദ്ദേഹത്തിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്. 67ാം മിനിറ്റില്‍ ലിയൊനാര്‍ഡോ ബെനൂച്ചിയുടെ വകയായിരുന്നു ഇറ്റലിയുടെ സമനില ഗോള്‍. അധികസമത്ത് രണ്ടു ടീമുകള്‍ക്കും വിജയഗോളിനായി പല അവസരങ്ങളും ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍മാരെ കീഴ്പ്പെടുത്താനായില്ല.