ടെക് ഭീമന്മാരായ ഫേസ്ബുക്കിനും ഗൂഗിളിലും ട്വിറ്ററിനുമെതിരെ നിയമനടപടിക്കൊരുങ്ങി അമേരിക്കയുടെ മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. തന്നെ അതാത് പ്ലാറ്റ്ഫോമുകളിൽ നിന്ന് വിലക്കിയതിരെയാണ് ട്രംപ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഈ പ്ലാറ്റ്ഫോമുക്ളിൽ നിന്ന് തന്നെ വിലക്കിയത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കലാണെന്ന് ട്രംപ് പറയുന്നു.
ട്രംപിൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് രണ്ട് വർഷത്തേക്കാണ് സസ്പൻഡ് ചെയ്തിരിക്കുന്നത്. 2023 ജനുവരി വരെയാണ് അക്കൗണ്ട് സസ്പൻഡ് ചെയ്തത്. യുഎസ് കാപിറ്റോളിൽ നടന്ന അതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ട്രംപിൻ്റെ പോസ്റ്റുകളാണ് സസ്പൻഷനു കാരണം. ജൂൺ നാലിനാണ് യുസ് മുൻ പ്രസിഡൻ്റിനെതിരെ ഫേസ്ബുക്ക് നടപടിയെടുത്തത്.
തൻ്റെ അക്കൗണ്ട് വിലക്കിയതോടെ മരുമകൾ ലാറ ട്രംപിന്റെ അക്കൗണ്ടിൽ നിന്ന് വീണ്ടും ട്രംപ് പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ഫേസ്ബുക് ഉപയോഗം കണ്ടുപിടിച്ചതോടെ അതും വിലക്കി. ട്രംപിന്റെ വിഡിയോകൾ നീക്കം ചെയ്ത ഫേസ്ബുക് ഇനിമേലിൽ ഇത് മുൻ പ്രസിഡന്റ് ഉപയോഗിക്കരുതെന്ന് നിർദ്ദേശവും നൽകിയിരുന്നു.
കാപ്പിറ്റോൾ മന്ദിരത്തിൽ നടന്ന ആക്രമണത്തിന് പിന്നാലെ ട്രംപിന്റെ ട്വിറ്റർ അക്കൗണ്ടിനും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ആദ്യം വിലക്കേർപ്പെടുത്തി തുടർന്ന് അക്കൗണ്ട് തിരികെ ലഭിച്ചെങ്കിലും പിന്നീട് അദ്ദേഹം ചെയ്തത് രണ്ടു ട്വീറ്റുകളുടെ പശ്ചാത്തലത്തിലാണ് അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യാനുളള കടുത്ത തീരുമാനത്തിൽ ട്വിറ്റർ എത്തിച്ചേർന്നത്.