കൊവിഡിന്റെ ഡെൽറ്റാ വകഭേദം ലോകത്ത് വ്യാപിക്കുന്നതിനാൽ മഹാമാരി ഉടനെങ്ങും കുറയില്ലെന്ന് ഡബ്ല്യു.എച്ച്.ഒ. ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ. വിവിധ രാജ്യങ്ങളിൽ വാക്സിനേഷൻ പുരോഗമിക്കുന്നതിനാൽ ഗുരുതര രോഗ ബാധിതരുടെ എണ്ണത്തിൽ കുറവുണ്ട്. എന്നാൽ, പലയിടത്തും ഓക്സിജൻ ക്ഷാമവും ആശുപത്രി കിടക്കകളുടെ ലഭ്യത കുറവും മൂലം ഉയർന്ന മരണ നിരക്കും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
അവസാന 24 മണിക്കൂറിൽ അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 9300 മരണവും. മഹാമാരിയുടെ വേഗത കുറയുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഡബ്ല്യു.എച്ച്.ഒ.യുടെ ആറ് മേഖലകളിൽ അഞ്ചിലും കേസുകൾ വർധിക്കുന്നുണ്ട്. രണ്ടാഴ്ചയ്ക്കിടെ ആഫ്രിക്കയിലെ മരണ നിരക്ക് മുപ്പതിൽ നിന്ന് നാൽപ്പതായി വർധിച്ചു. ഈ വർധനയ്ക്കു കാരണം വളരെവേഗം വ്യാപിക്കുന്ന ഡെൽറ്റ വകഭേദവും ആഗോളതലത്തിൽ വാക്സിനേഷൻ മെല്ലെപ്പോക്കും സുരക്ഷാ നടപടികളായ മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവയിൽ വരുത്തുന്ന വീഴ്ചകളാണ്”, സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി.
വാക്സിനേഷൻ മികച്ച രീതിയിൽ നടപ്പാക്കുന്നുവെന്ന് കാട്ടി രാജ്യങ്ങൾ വീണ്ടും തുറന്ന് കൊടുക്കുന്ന സാഹചര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഈ ആഴ്ച ഡബ്ല്യു.എച്ച്.ഒ. വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടനിൽ ജൂലൈ 19ന് അവസാനത്തെ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കി പൂർണമായി തുറന്നുകൊടുക്കുമെന്നു തീരുമാനിച്ചിരിക്കുകയാണ്. മാസ്ക് ധരിക്കണോ വേണ്ടയോ എന്നത് സ്വയം തീരുമാനിക്കാനാകും. കേസുകൾ കുറഞ്ഞതിനാൽ യൂറോപ്പും, യൂ.എസും പരമാവധി നിയന്ത്രണങ്ങൾ കുറച്ചിട്ടുണ്ട്.