ഇന്ന് ജൂലൈ 1. നമ്മൾ ഇൻഡ്യക്കാർ "ഡോക്റ്റേഴ്സ് ഡേ" ആയി ആചരിക്കുന്നു.
രോഗം ആരുടെയും കുറ്റമല്ല. രോഗി ഡോക്റ്ററുടെ അടിയാനോ ഭൃത്യനോ കീഴുദ്യോഗസ്ഥനോ അല്ല. രോഗി ഒരു ഇരയല്ല! ഡോക്റ്റർ ഇരപിടിയനാവാൻ ശ്രമിക്കരുത്. ഓരോ രോഗിയും നിരാലംബമായ ഓരോ അർത്ഥനകളാണു..പ്രാർത്ഥനകളാണു! ആ പ്രാർത്ഥനകളെ ആർദ്രമായ ഹൃദയം കൊണ്ട് വായിക്കാനറിയുന്നവനാവണം നല്ല ഡോക്റ്റർ.
എല്ലാ നല്ല ഡോക്റ്റർമ്മാർക്കും ഡോക്റ്റേഴ്സ് ദിനാശംസകൾ
ഡോ: ബിധാൻ ചന്ദ് റോയ് (ബി സി റോയ്) എന്ന മഹാനായ ഡോക്റ്ററുടെ ജന്മദിനമാണു ജൂലൈ ഒന്ന് . ജന്മദിനം മാത്രമല്ല ബി സി റോയിയുടെ ചരമദിനവും ജൂലൈ 1 തന്നെയാണു. 1882 ജൂലൈ 1 നു ജനിച്ച് 1962 ജൂലൈ 1 നു അന്തരിച്ചു ആ മഹിതജന്മം.
മികച്ച ഡോക്റ്ററെന്ന നിലയിൽ ലോകശ്രദ്ധ നേടിയ അദ്ദേഹം ഇപ്പോഴത്തെ പല ഡോക്ടർമ്മാരെയും പോലെ ചുറ്റുപാടുമുള്ള ലോകത്തെക്കുറിച്ച് ചുക്കും ചുണ്ണാമ്പുമറിയാതെ ആശുപത്രിയും മരുന്നും അവനവനിസവും മാത്രമായി തന്റെ ലോകത്തെ ചുരുക്കിയില്ല. ഗാന്ധിജിയുടെ സഹപ്രവർത്തകനും സ്വാതന്ത്ര്യസമരഭടനുമായിരുന്നു. പശ്ചിമബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായി.
മരിക്കുന്നതിനു ഒരു വർഷം മുൻപ് ,1961 ൽ രാജ്യം അതിന്റെ പരമോന്നത ബഹുമതിയായ "ഭാരതരത്നം" നൽകി ബഹുമാനിച്ചു. വൈദ്യശാസ്ത്ര രംഗത്തുനിന്ന് ഭാരതരത്നം ലഭിച്ച ഏക ഭിഷഗ്വരനാണു ഡോ: ബി സി റോയി. വൈദ്യശാസ്ത്രരംഗത്തെക്കുറിച്ച് ആഴത്തിലറിയുന്നതിനൊപ്പം സ്വന്തം രാജ്യത്തെക്കുറിച്ച് ആഴത്തിലുള്ള അവബോധവും പൗരബോധവും സഹജീവിസ്നേഹവും ഉണ്ടെങ്കിലേ ഒരാൾ പൂർണ്ണനായ ഒരു ഡോക്റ്ററാകുകയുള്ളുവെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.
പ്രശസ്ത വൈദ്യനും മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ ഡോ. ബിദാൻ ചന്ദ്ര റോയിയുടെ ജനനത്തെ മാനിക്കുന്നതിനും ദേശീയ ഡോക്ടർമാരുടെ ദിനം ജൂലൈ ഒന്നിന് ഇന്ത്യയിൽ ആഘോഷിക്കുന്നു. ആദ്യത്തെ ദേശീയ ഡോക്ടർമാരുടെ ദിനം 1991 ൽ ആഘോഷിച്ചു.
ചികിത്സാ രംഗത്തെ ഉന്നമനത്തിന്നും, രോഗങ്ങളെ പൂർണ്ണമായും തുടച്ചു നീക്കുന്നതിന്നും , ആരോഗ്യ സമ്പുഷ്ടമായ ഇന്ത്യൻ ജനത എന്ന ലക്ഷ്യം കൈവരിക്കാൻ വേണ്ടിയുള്ള ഗവേഷണത്തിന്നും, അതിന്നുവേണ്ടിയുള്ള സംയോജിത പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിന്നും വേണ്ടി 1911-ൽ രൂപം കൊടുത്ത ഇന്ത്യൻ റിസർച്ച് ഫണ്ട് അസോസിയേഷൻ (IRFA ) എന്ന ഗവേഷണ സ്ഥാപനത്തെ സ്വാതന്ത്ര്യാനന്തരം കൂടുതൽ മികവോടെയുള്ള പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ കൌണ്സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR ) എന്ന പേരിൽ കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കീഴിൽ പുനസ്സംഘടിപ്പിക്കുകയുണ്ടായി.ഇന്ത്യൻ കൌണ്സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR ) എന്ന ഈ സ്ഥാപനത്തിന്റെ കീഴിൽ , ചുരുങ്ങിയ ഒരു കാലയളവിന്നുള്ളിൽ ആരോഗ്യരംഗത്ത് അസൂയാവഹമായ ഒരു വൻ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയത് . ഗവേഷണത്തിലൂടെയും , സംയോജിത ആരോഗ്യപ്രവർത്തനങ്ങളിലൂടെയും മാരകമായ പല അസുഖങ്ങളും പൂർണ്ണമായി തുടച്ചു നീക്കപ്പെടുകയും , അത്യാധുനിക ചികിത്സാ രീതികൾ നടപ്പാക്കപ്പെടുകയും ചെയ്തു .
അഥർവ്വ വേദത്തിന്റെ ഉപവേദമായി കണക്കാക്കുന്ന ഭാരതീയ ചികിത്സാ രീതിയായ ആയുർവേദത്തിലെ ത്രിമൂർത്തികളായി അറിയപ്പെട്ട ചരകൻ , വാഗ്ഭടൻ , ശസ്ത്രക്രിയയുടെ പിതാവെന്ന് ലോകം അംഗീകരിക്കുന്ന ഭാരത ശാസ്ത്ര പ്രതിഭയായ സുശ്രുതൻ എന്നിവരുടെ ജന്മനാട്ടിൽ സുശക്തമായ അസ്ഥിവാരത്തിൽ പടുത്തുയർത്തിയ ആധുനിക വൈദ്യശാസ്ത്ര ശാഖ ഇന്ന് സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാരുടെയും , കുത്തക മരുന്നുകച്ചവടക്കാരുടെയും , സ്വാർഥതയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഭീതിയുയരുമ്പോൾ വൈദ്യശാസ്ത്ര രംഗത്ത് ഒരു കെടാവിളക്കായി പ്രകാശം ചൊരിഞ്ഞു മാർഗ്ഗദീപമായി ഇന്ത്യയുടെ അഭിമാനസ്തംഭമായ ICMR നിലകൊള്ളുന്നു.
ഡോക്ടർമാരുടെ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി മോദി ഡോക്ടർ സമൂഹത്തെ അഭിവാദ്യം ചെയ്തു.
ഡോക്ടർ ബിസി റോയിയുടെ സ്മരണയ്ക്കായി ആഘോഷിക്കുന്ന ഈ ദിവസം നമ്മുടെ മെഡിക്കൽ സാഹോദര്യത്തിന്റെ പരമോന്നത ആശയങ്ങളുടെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. 130 കോടി ഇന്ത്യക്കാർക്ക് വേണ്ടി, ഡോക്ടർമാർ ചെയ്‌തു കൊണ്ടിരിക്കുന്ന സേവനങ്ങൾക്ക്, പ്രധാന മന്ത്രി നന്ദി അറിയിച്ചു