ഡബ്ലിന്‍ : രാജ്യത്ത് വീണ്ടും കോവിഡ് ‘കിരാത’ കാലമെന്ന ആശങ്ക. കോവിഡിന്റെ വര്‍ധിക്കുന്ന വ്യാപനവും മറ്റും രാജ്യത്തിന്റെ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നതാണ്. റീഓപ്പണിംഗിനായി പദ്ധതികള്‍ മെനയുന്ന സര്‍ക്കാരിനെയാകെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ഇപ്പോഴത്തെ ഡെല്‍റ്റാ ഭീഷണി.
ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 80%വും ഡെല്‍റ്റാ വേരിയന്റാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ വാക്സിനെടുത്തവരുമുണ്ടെന്നതാണ് മറ്റൊരു ഭീഷണി.ഇത് രോഗവ്യാപനത്തിന്റെ ശേഷിയും കാഠിന്യവും കൂടുതല്‍ വ്യക്തമാക്കുന്നു.
മാര്‍ച്ച് 24 നും ജൂണ്‍ 23 നും ഇടയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തിയ 124 രോഗികളില്‍ 18പേര് ആദ്യ ഡോസ് വാക്സിനെടുത്തവരായിരുന്നു. അഞ്ച് പേര് രണ്ട് ഡോസുകളും ലഭിച്ചവരായിരുന്നു.വാക്സിനെടുത്ത് 14 ദിവസത്തിനു ശേഷം രോഗബാധിച്ചവരുമുണ്ട്. ഇത് വളരെ ഗൗരവത്തോടെ കാണേണ്ടതാണെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി മന്ത്രി സഭായോഗത്തില്‍ അറിയിച്ചു.
അതിനിടെ, ഈ ഡെല്‍റ്റാ ഭീഷണിയെ മറികടക്കുന്നതിന് 16 വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്‍കുന്നത് ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.സെപ്റ്റംബര്‍ അവസാനത്തോടെ എല്ലാവര്ക്കും വാക്സിനെത്തിക്കാമെന്നാണ് പ്രതീക്ഷയെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.