സ്റ്റാഫ് സെലക്ഷൻ നടത്തുന്ന എസ്.എസ്.സി ജി.ഡി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (സി.എ.പി.എഫ്), എൻ.ഐ.എ, എസ്.എസ്.എഫ് എന്നീവിടങ്ങളിൽ കോൺസ്റ്റബിൾ, ആസാം റൈഫിൾസിൽ റൈഫിൾമാൻ എന്നീ തസ്തികകളിലേക്കാണ് നിയമനം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓഗസ്റ്റ് 31 വരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്.
എസ്.എസ്.സി ജി.ഡി കോൺസ്റ്റബിൾ പരീക്ഷയുടെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 25,271 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പേ ലെവൽ 3 സ്കെയിൽ ശമ്പളത്തോടു കൂടി നിയമനം ലഭിക്കും. 21,700 രൂപ മുതൽ 69,100 വരെയായിരിക്കും ശമ്പളം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പ്രധാനപ്പെട്ട തീയതികൾ, തുടങ്ങിയവ വെബ്സൈറ്റിൽ ലഭ്യമാണ്.
18 വയസിനും 23 വയസിനും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരൻമാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. 2021 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗക്കാർക്ക് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും.