ബ്രസല്‍സ് :അന്തരീക്ഷ മലിനീകരണം ഒഴിവാക്കുന്നതിന് കര്‍ക്കശ നടപടികളുമായി യൂറോപ്യന്‍ യൂണിയന്‍ . ഇതനുസരിച്ച് 2035മുതല്‍ ഇയു രാജ്യങ്ങളില്‍ പുതിയ കാറുകള്‍ വില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ വരും. കാര്‍ബണ്‍ ബഹിര്‍ഗമനമില്ലാത്ത വാഹനങ്ങള്‍ മാത്രമേ 2035 മുതല്‍ വില്‍ക്കാന്‍ യൂറോപ്യന്‍ യൂണിയനില്‍ അനുവാദമുണ്ടാകൂ. സമ്പദ്വ്യവസ്ഥയെ കാലാവസ്ഥാ ലക്ഷ്യങ്ങളുമായി ബന്ധപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സീറോ എമിഷന്‍ വാഹനങ്ങളിലൂടെ യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യമിടുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോള പോരാട്ടത്തിന്റെ ഭാഗമായ ഗ്രീന്‍ ഡീലിനു കീഴില്‍ 2050 ഓടെ ലോകത്തെ ആദ്യത്തെ കാര്‍ബണ്‍ രഹിത ഭൂഖണ്ഡമായി മാറാനൊരുങ്ങുകയാണ് യൂറോപ്പ്.അതിനുതകുന്ന കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് യൂറോപ്യന്‍ കമ്മീഷന്‍ ഇത്തരത്തിലുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നത്.
കാര്‍ബണ്‍ തോത് കുറയ്ക്കാന്‍ കര്‍മ്മ പദ്ധതികള്‍ വരും…
പുതിയ കാറുകളില്‍ നിന്നും വാനുകളില്‍ നിന്നുമുള്ള കാര്‍ബണ്‍ ഉദ്ഗമനം 2030ഓടെ 65% കുറയ്ക്കാനാണ് ഇയു ലക്ഷ്യമിടുന്നത്.2035ഓടെ പൂജ്യമാക്കി കുറയ്ക്കാനുമാണ് യൂറോപ്യന്‍ കമ്മീഷന്‍ പദ്ധതിയിടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കര്‍ശനമായ മലിനീകരണ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വാഹന ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാരുകളെ നിര്‍ബന്ധിതമാക്കുന്നതിനും ഇയു നിയമങ്ങളുണ്ടാകും.
ഹരിതഗൃഹ വാതകങ്ങളുടെ തോത് 1990 ലെവലില്‍ നിന്ന് 55 ശതമാനമെങ്കിലും വെട്ടിക്കുറയ്ക്കണമെന്നാണ് 2030ലെ കാലാവസ്ഥാ ലക്ഷ്യം മുന്നോട്ടുവെയ്ക്കുന്നത്. അതിനായി സമ്പദ്വ്യവസ്ഥയുടെ ഓരോ കോണിലും മാറ്റം വരുത്തും.