മുംബൈ: പ്രമുഖ ബാങ്കുകൾക്കും വിവിധ സ്മോൾ ഫിനാൻസ് ബാങ്കുകൾക്കും ഉൾപ്പെടെ 14 ബാങ്കുകൾക്ക് പിഴ ചുമത്തി ആര്‍ബിഐ. വിവിധ ബാങ്കുകളുടെ കൺസോർഷ്യത്തിന് 14.5 കോടി രൂപയാണ് പിഴ ഈടാക്കിയിരിക്കുന്നത്.
ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളുടെ വായ്പാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും വിവരങ്ങൾ മറച്ചു വെച്ചതിനുമാണ് പിഴ. ബന്ദൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നീ പ്രമുഖ ബാങ്കുകൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. കർണാടക ബാങ്ക്, കരൂർ വൈസ്യ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ജമ്മു കശ്മീർ ബാങ്ക്, ഉത്‌കാർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് എന്നീ 12 ബാങ്കുകൾക്ക് ഒരു കോടി രൂപ വീതമാണ് പിഴ.
ബാങ്ക് ഓഫ് ബറോഡയ്ക്ക് രണ്ട് കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 50 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.എൻബിഎഫ്‌സിക്ക് വായ്പ നൽകുന്നത് സംബന്ധിച്ച് കേന്ദ്ര ബാങ്ക് പുറപ്പെടുവിച്ച ചില നിർദേശങ്ങൾ പാലിക്കാത്തതിനാണ് പിഴ. അതേസമയം ലോൺവിവരങ്ങൾ ആര്‍ബിഐ പുറത്ത് വിട്ടിട്ടില്ല.
ആര്‍ബിഐ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിൻെറ 20(1) വകുപ്പാണ് ചില ബാങ്കുകൾ ലംഘിച്ചത്. ഈ നിയമം ബാങ്ക് ഡയറക്ടർമാർക്കും ഡയറക്ടർമാർക്ക് താൽപ്പര്യമുള്ള കമ്പനികൾക്കും വായ്പ നൽകുന്നതിൽ നിന്ന് ബാങ്കുകളെ വിലക്കുന്നുണ്ട്.