കൊവിഡ് വാക്സിന്‍ പാഴാക്കുന്നത് സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കുലര്‍. പുതിയ വാക്സിന് നയത്തിന്റെ ഭാഗമായി പരിഷ്‌കരിച്ച മാര്‍ഗനിര്‍ദേശങ്ങളിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ജനസംഖ്യ, രോഗബാധ നിരക്ക്, വാക്സിനേഷന്റെ പുരോഗതി എന്നിവ അടിസ്ഥാനമാക്കിയാകും സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യുക. ജൂണ്‍ 21 മുതല്‍ പുതിയ നയം നടപ്പാക്കി തുടങ്ങുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഇന്നലെ ഒരു ലക്ഷത്തില്‍ താഴെയാണ് രാജ്യത്തെ പ്രതിദിന രോഗികള്‍. കേരളം, തമിഴ്‌നാട്,കര്‍ണാടക,ആന്ധ്ര പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രതിദിന കേസുകള്‍ കുറഞ്ഞു. 322 ജില്ലകളിലാണ് ഒരു മാസത്തിനിടെ പ്രതിദിന കേസുകളില്‍ കുറവ് രേഖപ്പെടുത്തിയത്.
അതേസമയം സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൊവിഷീല്‍ഡ് വാക്‌സിന് 780 രൂപയും കൊവാക്‌സിന് 1410 രൂപയും റഷ്യന്‍ നിര്‍മിത സ്പുട്‌നിക്-വി വാക്‌സിന് 1145 രൂപയും ഈടാക്കാം. 150 രൂപ സര്‍വീസ് ചാര്‍ജ്, നികുതി എന്നിവ ഉള്‍പ്പെടെയാണ് ഈ നിരക്ക്.
നേരത്തെ ഉപഭോക്താവില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ വാക്‌സിന് വില കൂട്ടി ഈടാക്കുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ വാക്സിന് നയത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ വില നിശ്ചയിച്ചത്.
അതിനിടെ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്ടെത്തിയ ബി.1.1.28.2 എന്ന പുതിയ വകഭേദം രാജ്യത്ത് വ്യാപിച്ചിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ബ്രസീല്‍ നിന്നെത്തിയ രണ്ട് പേരിലാണ് രോഗബാധ കണ്ടെത്തിയത് .വകഭേദത്തെ നേരിടാന്‍ കൂടുതല്‍ ആന്റിബോഡികള്‍ ആവശ്യമാണെന്നും ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.