ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് പാർലമെന്ററി സമിതി. കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവത്തിലാണ് വിശദീകരണം തേടുക. നേരിൽ ഹാജരായി വിശദീകരണം നൽകാൻ ട്വിറ്ററിനോട് ആവശ്യപ്പെടും.
കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദിന്റെ ട്വിറ്റർ അക്കൗണ്ട് ഇന്നലെ മരവിപ്പിച്ചിരുന്നു. ഒരു മണിക്കൂർ നേരത്തേക്കാണ് അക്കൗണ്ട് മരവിപ്പിച്ചത്. യുഎസ് കോപ്പിറൈറ്റ് ആക്ട് ലംഘിച്ചതിനാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രമന്ത്രിക്ക് കർശനമായ മുന്നറിയിപ്പ് നൽകിയ ശേഷമാണ് അക്കൗണ്ട് ഒരു മണിക്കൂറിനുശേഷം പുനഃസ്ഥാപിച്ചത്.
കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദിന്റെ ട്വിറ്റർ അക്കൗണ്ട് താത്ക്കാലികമായി മരവിപ്പിച്ച വിഷയത്തിൽ ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് ശശി തരൂർ ഇന്നലെ അറിയിച്ചിരുന്നു. തനിക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു. തന്റെ ട്വീറ്റിനൊപ്പം ഒരു വിഡിയോ കൂടി പങ്കുവച്ചിരുന്നെന്നും കോപ്പി റൈറ്റ് ലംഘനത്തിന്റെ പേരിൽ ഇത് ട്വിറ്റർ നീക്കം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.