പ്രമുഖ സോഷ്യൽ നെറ്റ്വർക്കിങ് സേവനമായ ലിങ്ക്ഡ്ഇനിൽ കനത്ത വിവരച്ചോർച്ച. ഉപഭോക്താക്കളിൽ 92 ശതമാനം പേരുടെയും വിവരങ്ങൾ ചോർന്നു എന്നാണ് റിപ്പോർട്ട്. ഏതാണ്ട് 700 മില്ല്യൺ ആളുകളുടെ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. ഓൺലൈൻ, ഫിസിക്കൽ വിലാസങ്ങൾ, ജിയോലൊക്കേഷൻ റെക്കോർഡുകൾ, പ്രതീക്ഷിക്കുന്ന ശമ്പളം എന്നിവയൊക്കെ ചോർന്ന വിവരങ്ങളിൽ പെടുന്നു. ഇവ ഡാർക്ക് വെബിൽ വില്പനയ്ക്ക് വെച്ചിരിക്കുകയാണ്.
ഹാക്കർ എന്ന് കരുതപ്പെടുന്നയാൾ ജൂൺ 22ന് ഈ വിവരങ്ങൾ വില്പനക്കെന്ന് കാണിച്ച് ഓൺലൈനിൽ പരസ്യം നൽകിയിരുന്നു. ചോർന്ന വിവരങ്ങളുടെ സാമ്പിളുകളും ഈ ഹാക്കർ പങ്കുവച്ചിരുന്നു. ഒരു മില്ല്യൺ ആളുകളുടെ വിവരങ്ങളാണ് സാമ്പിളിൽ ഉണ്ടായിരുന്നത്. വളരെ പുതിയ വിവരങ്ങളാണ് ഇതിൽ ഉള്ളത്. 2020-21 കാലയളവിലെ വിവരങ്ങളാണ് ഇത്. ചില ആളുകളുടെ മുഴുവൻ പേരും ഇമെയിൽ വിലാസവും മൊബൈൽ നമ്പരുമൊക്കെ ചോർന്ന വിവരങ്ങളിൽ പെടുന്നു. ലിങ്ക്ഡ്ഇൻ യൂസർനേം, പ്രൊഫൈൽ യുആർഎൽ, ഉപഭോക്താക്കളുടെ മറ്റ് സമൂഹമാധ്യമ അക്കൗണ്ട് വിവരങ്ങൾ എന്നിവയും ഇതിലുണ്ട്. അതേസമയം, പാസ്വേർഡുകളൊന്നും ചോർന്നിട്ടില്ല.