ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡറായി ന്യൂസീലൻഡിൻ്റെ ഭാരോദ്വഹന താരം. 43കാരിയായ ലോറൽ ഹബാർഡ് ആണ് ടോക്കിയോ ഒളിമ്പിക്സിൽ ന്യൂസീലൻഡിനായി മത്സരിക്കുക. വനിതകളുടെ 87 കിലോഗ്രാം ഹെവിവെയ്റ്റ് വിഭാഗത്തിലാണ് ലോറൽ ചരിത്രം തിരുത്താൻ ഇറങ്ങുക.
നേരത്തെ, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മുൻപ് ലോറൽ പുരുഷ ഭാരോദ്വഹന മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ടോക്കിയോയിൽ മത്സരിക്കാനിറങ്ങുന്നതോടെ ഒളിമ്പിക്സിലെ ഏറ്റവും ഭാരം കൂടിയ ഭാരോദ്വഹന താരമാവും ലോറൽ. മത്സരത്തിന് 12 മാസങ്ങൾക്ക് മുൻപെങ്കിലും ശരീരത്തിലെ ടെസ്റ്റോസ്റ്ററോണിൻ്റെ അളവ് ലിറ്ററിൽ 10 നാനോമോൾസിൽ കുറവാണെങ്കിൽ ട്രാൻസ്ജൻഡറുകൾക്ക് വനിതാ വിഭാഗത്തിൽ മത്സരിക്കാമെന്നാണ് രാജ്യാന്തര ഒളിമ്പിക് കമ്മറ്റിയുടെ ചട്ടം.
ജൂലൈ 23നാണ് കായിക മാമാങ്കം ആരംഭിക്കുക. ജപ്പാൻ ആണ് ഇത്തവണ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുക.
അതേസമയം, ഒളിമ്പിക്സിനെത്തുന്ന ഇന്ത്യൻ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഏർപ്പെടുത്തിയിരിക്കുന്നത് കടുത്ത നിയന്ത്രണങ്ങൾ ആണ്. ഇന്ത്യ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പ് ഒന്നിലെ മറ്റ് അഞ്ച് രാജ്യങ്ങൾക്കും സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചില രാജ്യങ്ങൾക്ക് മാത്രമായി മാത്രമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രതിഷേധം അറിയിച്ചു. ജപ്പാൻ ഭരണകൂടത്തിൻ്റേത് വിവേചനമാണെന്ന് ഐഓഎ ആരോപിച്ചു.