ലോക ഫുട്ബാളിലെ വലിയ പേരുകള്‍ ഇരുവശത്തുമായി ബൂട്ടുകെട്ടിയ കോപ അമേരിക്ക പോരാട്ടത്തില്‍ ജയം അര്‍ജന്‍റീനക്ക്. ആവേശകരമായ മത്സരത്തില്‍ ഉറുഗ്വേയെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ലയണല്‍ മെസ്സിയുടെ പാസില്‍ നിന്ന് ജിഡോ റോഡ്രിഗസ് ആണ് അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയത്. രണ്ടു കളികളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന ഇപ്പോള്‍. അടുത്ത മത്സരത്തില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ പരാഗ്വയാണ്.
വിജയത്തില്‍ കുറഞ്ഞതൊന്നുമില്ലെന്ന് ആദ്യമേ പ്രഖ്യാപിച്ചിറങ്ങിയ രണ്ടു ലാറ്റിന്‍ അമേരിക്കന്‍ കരുത്തരുടെ ആവേശ പോരില്‍ ആദ്യ അവസരം തുറന്നത് ഉറുഗ്വായാണ്. മധ്യനിരയില്‍ ഗോണ്‍സാലസ് സൃഷ്ടിച്ച മുന്നേറ്റം ലക്ഷ്യത്തിലെത്തിക്കുന്നതില്‍ ജിമെനസിന് പിഴച്ചു. എഡിന്‍സണ്‍ കവാനിയുടെ മിന്നല്‍ നീക്കങ്ങള്‍ പിന്നെയും കണ്ടു. അതിനിടെ ആറാം മിനിറ്റില്‍ മെസ്സി പായിച്ച ബുള്ളറ്റ് ഷോട്ട് ഗോളി മുസ്ലേര സാഹസപ്പെട്ട് തട്ടിയകറ്റി. വൈകാതെ ഗോളെത്തി. മത്സരത്തിന്റെ 13ആം മിനിട്ടില്‍ ജിഡോ റോഡ്രിഗസിലൂടെ അര്‍ജന്റീന മത്സരത്തില്‍ ലീഡ് നേടി. ഗോളിന് അവസരമൊരുക്കിയത് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ആയിരുന്നു.
ഇതോടെ ചൂടുപിടിച്ച കളിയില്‍ പലവട്ടം ഗോളിനടുത്തെത്തിയ നീക്കങ്ങള്‍ക്ക് മൈതാനം സാക്ഷിയായെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഗോള്‍ നേടുന്നതില്‍ വിജയിക്കാനായില്ലെങ്കിലും ഉടനീളം മിന്നും ഫോമില്‍ മൈതാനം ഭരിച്ച മെസ്സി തന്നെയായിരുന്നു തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മാന്‍ ഓഫ് ദി മാച്ച്. കോപ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റും ഇതോടെ മെസ്സി തന്‍റെ പേരില്‍ കുറിച്ചു.
15 തവണ കോപ്പ അമേരിക്ക കിരീടം നേടിയിട്ടുള്ള ഉറുഗ്വേ ഇത്തവണ തോറ്റുകൊണ്ടാണ് തുടങ്ങിയിരിക്കുന്നത്. അവസാനം കളിച്ച 15 മത്സരത്തിലും അര്‍ജന്റീന തോല്‍വി അറിയാതെയാണ് മുന്നേറുന്നത്. എട്ട് ജയവും ഏഴ് സമനിലയുമാണ് അര്‍ജന്റീന നേടിയിരിക്കുന്നത്. ഗ്രൂപ്പ് ബിയിലെ തന്നെ മറ്റൊരു അവസരത്തില്‍ ബൊളീവിയയെ തകര്‍ത്തുകൊണ്ട് ചിലി ജയം നേടി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചിലിയുടെ ജയം.