2021 ഫെബ്രുവരിയിൽ ഇന്ത്യയിൽ നിന്ന് ഒരു നഴ്‌സായി അജിത യുകെയിലെത്തി. കോവിഡ് പോസിറ്റീവ് ടെസ്റ് ചെയ്യപ്പെടുകയും എത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ ആശുപത്രിയിലെത്തപ്പെടുകയും ചെയ്തു, അതിനുശേഷം 4 മാസത്തിലേറെയായി വെന്റിലേറ്ററിൽ കോവിഡിനെതിരെ പോരാടുകയായിരുന്നു. ദുഖകരമെന്നു പറയട്ടെ, പോരാട്ടത്തിനൊടുവിൽ ഇന്നലെ മരണം അജിത ആന്റണിയെ കോവിഡിന്റെ രൂപത്തിൽ തോൽപ്പിച്ചു.
2021 പുതുവർഷത്തിൽ ഒത്തിരിയേറെ പ്രതീക്ഷയും സ്വപ്നവുമായി യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻറിനടുത്ത് ക്രൂവിലേക്ക് കുടിയേറിയ എറണാകുളം പള്ളുരുത്തി കരുവേലിപ്പടി സ്വദേശി കാർത്തിക് സെൽവരാജിൻ്റെ ഭാര്യ കാലിയത്ത് അജിതാ ആൻ്റണി (31) യാണ് ഇന്നലെ പുലർച്ചെ വിട പറഞ്ഞത്. എറണാകുളം പള്ളുരുത്തി കാലിയത്ത് കെ.സി ആൻറണിയുടെയും ജെസ്സി ആൻ്റണിയുടെയും മകളാണ്. ഒരു സഹോദരനും സഹോദരിയുമാണ് അജിതക്കുള്ളത്.
കോവിഡ് തുടർന്ന് ഗുരുതരാവസ്ഥയിലെത്തിയതിനാൽ കഴിഞ്ഞ 114 ദിവസങ്ങളായി സൗത്ത് മാഞ്ചസ്റ്ററിലെ മാഞ്ചസ്റ്റർ ഫൗണ്ടേഷൻ ട്രസ്റ്റിന് കീഴിലുള്ള വിഥിൻഷോ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ചികിത്സക്കിടയിൽ കോവിഡ് നെഗറ്റീവ് ആകുകയും ജീവിതത്തിലേക്ക് തിരികെ എത്തുന്നതിൻ്റെ സൂചനകൾ കാട്ടിയത് എല്ലാവരുടെയും പ്രാർത്ഥനകൾ ഫലപ്രാപ്തിയിലെത്തിയെന്ന് കരുതിയിരിക്കവെയാണ് ഇന്നലെ പെട്ടെന്ന് ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് അജിത എന്നന്നേക്കുമായി ലോകത്തോട് യാത്ര പറഞ്ഞ് സ്വർഗ്ഗീയ നാഥൻ്റെ തിരുസന്നിധിയിലേക്ക് യാത്രയായത്.
യുകെയിൽ തന്നെയുള്ള അജിതയുടെ സഹോദരി മരണസമയത്ത് അരികിലുണ്ടായിരുന്നു.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.