ഇന്ത്യൻ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിയുടെ സഹോദരി കൊവിഡ് ബാധിച്ച് മരിച്ചു. ദിവസങ്ങൾക്കു മുൻപ് താരത്തിൻ്റെ അമ്മയും കൊവിഡിനു കീഴടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് സഹോദരിയും കൊവിഡ് ബാധിച്ച് മരിച്ചത്. വേദയുടെ മുൻ പരിശീലകൻ ഇർഫാൻ സെയ്ത് ആണ് വാർത്ത പുറത്തുവിട്ടത്.
രണ്ടാഴ്ച മുൻപാണ് വേദയുട അമ്മ ചെലുവംബ ദേവി കൊവിഡിനു കീഴടങ്ങിയത്. 67കാരിയായ ചെലുവംബ ദേവി മരണപ്പെട്ട അതേ ദിവസമാണ് കൊവിഡിനു പിന്നാലെ ന്യൂമോണിയയും സ്ഥിരീകരിച്ചതിനെ തുടർന്ന് സഹോദരി വത്സല ശിവകുമാറിനെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അമ്മ മരിച്ചു എന്നും സഹോദരി കൊവിഡ് ബാധിതയാണെന്നും വേദ തന്നെ അന്ന് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചിരുന്നു. വെൻ്റിലേറ്ററിൽ ആയിരുന്ന വത്സല ഇന്ന് വൈകിട്ട് 5.45ഓടെ അന്ത്യശ്വാസം വലിക്കുകയായിരുന്നു. 42കാരിയായ ഇവർ ചിക്കമംഗളൂരിലെ ഒരു ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്.
വേദയുടെ പിതാവും സഹോദരനും മറ്റൊരു സഹോദരിയും കൊവിഡ് ലക്ഷണങ്ങൾ കാണിക്കുകയും കൊവിഡ് ബാധിതരാവുകയും ചെയ്തിരുന്നു. ചിക്കമംഗളൂരിലെ കാഡൂരിൽ താമസിക്കുന്ന ഇവരെ വേദ ഏതാനും ആഴ്ചകൾക്കു മുൻപ് സന്ദർശിച്ചിരുന്നു. സന്ദർശനത്തിനു ശേഷം ബെംഗളൂരുവിലേക്ക് മടങ്ങിയ താരം സ്വയം ഐസൊലേറ്റ് ചെയ്തു. കൊവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ആണെന്ന് തെളിഞ്ഞിരുന്നു.
ഇന്ത്യക്കായി 48 ഏകദിന മത്സരങ്ങളും 76 ടി-20 മത്സരങ്ങളും കളിച്ച താരമാണ് വേദ. മധ്യനിരയിൽ ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തുന്ന താരം മികച്ച ഫീൽഡർ കൂടിയാണ്.