ടൗട്ടേ ചുഴലിക്കാറ്റിൽ ഗുജറാത്തിൽ കനത്ത നാശം. പോർബന്ധറിന് സമീപം, മണിക്കൂറിൽ 200 കിലോമീറ്റർ തീവ്രതയിൽ ആണ് ചുഴലിക്കാറ്റ് കരതൊട്ടത്. ഗുജറാത്തിലെ അഞ്ചു ജില്ലകളിൽ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. മേഖലയിൽ അതി തീവ്ര മഴ തുടരുകയാണ്. ചുഴലിക്കാറ്റിന് മുന്നോടിയായി ഗുജറാത്തിലെ 17 ജില്ലകളിൽ നിന്നും രണ്ട് ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.
മഹാരാഷ്ട്രയിൽ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ചുഴലിക്കാറ്റിനെ തുടർന്ന് മഹാരാഷ്ട്രയിൽ ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈ വിമാനത്താവളത്തിലെ പ്രവർത്തനം രാത്രി 10 മണിയോടെ പുനരാരംഭിച്ചു. മുംബൈ തീരത്ത് 2 ബാർജുകളിലായി കുടുങ്ങിക്കിടക്കുന്ന 410 പേരിൽ, 60 പേരെ രക്ഷിച്ചതായി നാവികസേന അറിയിച്ചു. ഗുജറാത്തിലും മഹാരാഷ്ട്രയിലും ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ തുടരുകയാണ്. കര, നാവിക, വ്യോമ സേന വിഭാഗങ്ങൾ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്