സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രാദേശികാടിസ്ഥാനത്തിൽ നിര്‍മിക്കുന്ന രണ്ടാമത്തെ കൊവിഡ് പ്രതിരോധ വാക്സിനായിരിക്കും നൊവോവാക്സിൻ്റെ പരീക്ഷണ വാക്സിൻ. മറ്റൊരു രാജ്യത്ത് വാക്സിൻ വിതരണം ചെയ്യുന്നതിനു മുന്നോടിയായി വാക്സിൻ്റെ സുരക്ഷ, ഡോസേജ്, ഫലപ്രാപ്തി എന്നിവ സംബന്ധിച്ച് വ്യക്തത വരുത്താനായി നടത്തുന്ന പഠനമാണ് ബ്രിഡ്ജിങ് ട്രയൽ. ഈ സാധ്യതയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് തേടുന്നത്.
എൻവിഎക്സ് - കോവ്2373 എന്ന കോഡ് നാമത്തിലാണ് നൊവോവാക്സ് നിര്‍മിച്ച പരീക്ഷണ വാക്സിൻ അറിയപ്പെടുന്നത്. യുകെയിൽ നടത്തിയ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ ഈ പരീക്ഷണ വാക്സിൻ 89.3 ശതമാനം ഫലപ്രാപ്തിയാണ് തെളിയിച്ചത്.
ഇന്ത്യയിൽ നിലവിൽ വിതരണം ചെയ്യുന്ന കൊവിഷീൽഡ് വാക്സിനെക്കാള്‍ ഉയര്‍ന്ന ഫലപ്രാപ്തിയാണിത്. രോഗവ്യാപനതീവ്രതയേറിയ യുകെ വകഭേദത്തെയും ചെറുക്കാൻ ഈ വാക്സിന് ശേഷിയുണ്ട്. ദക്ഷിണാഫ്രിക്കയിലും ഈ വാക്സിൻ രണ്ട് ഘട്ടങ്ങളിലായുള്ള ക്ലിനിക്കൽ പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്ന് വാക്സിന് ഉയര്‍ന്ന ഫലപ്രാപ്തിയുണ്ടെന്നും യുകെയിലും ദക്ഷിണാഫ്രിക്കയിലും പ്രചരിക്കുന്ന രോഗതീവ്രതയേറിയ വൈറസുകളിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നും കണ്ടെത്തിയതായും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
വൻതോതിൽ നിര്‍മിക്കാൻ പദ്ധതി

ക്ലിനിക്കൽ പരീക്ഷണം തുടങ്ങുന്ന ഘട്ടത്തിൽ തന്നെ വൻതോതിൽ വാക്സിൻ നിര്‍മാണം ആരംഭിച്ചതിനാൽ അനുമതി ലഭിച്ചയുടൻ തന്നെ ലോകവ്യാപകമായി കൊവിഷീൽഡ് വിതരണം ചെയ്യാൻ കമ്പനിയ്ക്ക് സാധിച്ചിരുന്നു. ഈ വാക്സിൻ്റെ നിര്‍മാണത്തിനായി ഗവി വാക്സിൻ അലയൻസിൽ നിന്ന് കമ്പനിയ്ക്ക് ധനസഹായവും ലഭിക്കുന്നുണ്ട്.
കൊവിഷീൽഡിനെക്കാൾ ഉയര്‍ന്ന ഫലപ്രാപ്തി

മറ്റു രാജ്യങ്ങളിൽ ക്ലിനിക്കൽ പരീക്ഷണം പൂര്‍ത്തിയാക്കി ഫലപ്രാപ്തി തെളിയിച്ച വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണം ഒഴിവാക്കാനായി ചെറിയതോതിലുള്ള പഠനത്തിന് ഡിസിജിഐയുടെ അനുമതി തേടിയതായി കമ്പനി വ്യക്തമാക്കി. ഉടൻ തന്നെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഓ അദാര്‍ പൂനാവാലാ വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു വ്യക്തമാക്കി.
കൊവിഷീൽഡ് നിര്‍മിച്ചതു പോലെ അനുമതി ലഭിക്കും മുൻപു തന്നെ നൊവോവാക്സ് വാക്സിൻ്റെയും ഡോസുകള്‍ വൻതോതിൽ വാങ്ങി സൂക്ഷിക്കുമെന്ന് അദാര്‍ പൂനാവാലാ കഴിഞ്ഞ ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു.