സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. ചില സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിൽസക്കായി വലിയ തുക ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.
മിനിമം നിരക്കിൽ സിടി സ്കാൻ, എച്ച്ആർസിടി തുടങ്ങിയ പരിശോധനകൾ ഉൾപ്പെടില്ല. റെംഡെസിവിർ പോലുള്ള വിലയേറിയ മരുന്നുകളും മിനിമം നിരക്കിൽ ഉൾപ്പെടില്ല. ജനറൽ വാർഡിൽ ഒരു ദിവസം രണ്ട് പിപിഇ കിറ്റുകളും ഐസിയുവിൽ അഞ്ചെണ്ണവും ആണ് ഉപയോഗിക്കുക. മിനിമം നിരക്കിൽ പെടാത്തവയ്ക്ക് പരമാവധി വിപണിവില (MRP) മാത്രമേ ഈടാക്കാവൂ എന്നും ഉത്തരവിൽ പറയുന്നു.
ജനറൽ വാർഡിൽ ഒരുദിവസം പരമാവധി 2,645 രൂപ വരെ മാത്രമേ ഈടാക്കാവൂ. എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ പരമാവധി 2,910 രൂപ വരെ ഈടാക്കാം.
എച്ച്ഡിയു നിരക്ക് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 4,175 രൂപയും മറ്റിടങ്ങളിൽ 3,795 രൂപയുമാക്കി. ഐസിയുവിന് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 7,800 രൂപയും മറ്റിടങ്ങളിൽ 8,580 രൂപയുമാക്കി ഉത്തരവിറക്കി. വെന്റിലേറ്റർ ഐസിയുവിന് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 13,800 രൂപയും മറ്റിടങ്ങളിൽ 15,180 രൂപയുമാക്കി.
എല്ലാ ആശുപത്രികളും പരിശോധനാ നിരക്ക് പൊതുജനം കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം. ആശുപത്രിയുടെ വെബ്‌സൈറ്റിലും നിരക്ക് പ്രസിദ്ധീകരിക്കണം.
ഉത്തരവ് ലംഘിച്ചാൽ ഈ തുകയുടെ പത്തിരട്ടി പിഴ ചുമത്തും. സ്വകാര്യ ആശുപത്രികൾ വലിയ തുക ഈടാക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി നേരത്തെ രംഗത്തെത്തിയിരുന്നു. നീതികരിക്കാൻ കഴിയാത്തവിധം ആശുപതികൾ ബില്ലുകൾ ഈടാക്കുന്നതായും ഹൈക്കോടതി പറഞ്ഞു. സർക്കാർ നിശ്‌ചയിച്ച നിരക്കുകൾ നടപ്പാക്കണമെന്നും നിരക്കുകൾ ജനത്തിന് കാണാനാകും വിധം പ്രദർശിപ്പിക്കണമെന്നും കോടതി പറഞ്ഞിരുന്നു.
സ്വകാര്യ ആശുപത്രികൾ അധികതുക ഈടാക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കോവിഡ് ചികിത്സയ്ക്ക് അമിത ബില്ലു നൽകുന്ന സ്വകാര്യ ആശുപത്രിയുടെ കൊള്ളയ്ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി.
ഈ അസാധാരണ സാഹചര്യത്തിലും ഭീമമായ തുകയാണ് ആശുപത്രികൾ ഈടാക്കുന്നതെന്ന് ബില്ലുകൾ ഉയർത്തിക്കാട്ടി കോടതി വിമർശനം ഉയർത്തി. നിലവിലെ സാഹചര്യം വളരെ മോശമാണ്.
കഞ്ഞിക്ക് 1353 രൂപയും ഡോളോയ്ക്ക് 25 രൂപയും ഈടാക്കിയ ആശുപത്രികളുണ്ടെന്നും കൊള്ള അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ ഉത്തരവിറക്കിയ സർക്കാർ നടപടി അഭിനന്ദനാർഹമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
അതേസമയം, കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കിയുള്ള സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്ക്കെതിരെ സർക്കാർ ഉത്തരവിറക്കി. മുറിവാടക ഉൾപ്പടെയുള്ളവയ്ക്ക് ആശുപത്രിക്ക് ഈടാക്കാവുന്ന പരമാവധി തുക വ്യക്തമാക്കിയാണ് ഉത്തരവ്. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
രണ്ടു ദിവസത്തെ ഓക്സിജന് 45,000 രൂപ ഈടാക്കിയ സംഭവം ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതേത്തുടർന്ന് സ്വകാര്യ ആശുപത്രികളുമായി ചർച്ച ചെയ്തശേഷമാണ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. സർക്കാർ തീരുമാനം അഭിനന്ദനാർഹമാണെന്ന് കോടതി പറഞ്ഞു.
എന്നാൽ മഹാമാരിക്കാലത്ത് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, ഉത്തരവ് നിലനിൽക്കുമെന്ന് നിരീക്ഷിച്ചു. കഴിഞ്ഞ നാളുകളിൽ വന്ന ഉയർന്ന തുകയുടെ ബില്ലുകൾ ലഭിച്ചവരുണ്ടെങ്കിൽ അതുമായി ഡിഎംഒയെ സമീപിച്ചാൽ അതിൽ നടപടി ഉണ്ടാവണം എന്നും കോടതി കർശനനിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു.