തിരുവനന്തപുരം- ഇടതു മുന്നണിയുടെ പ്രതീക്ഷകളും എക്‌സിറ്റ് പോള്‍ ഫലങ്ങളും ശരിവെച്ച് കേരളത്തില്‍ തുടര്‍ ഭരണം ഉറപ്പായി. പിണറായി കേരളത്തിന്റെ പതിമൂന്നാമത്തെ മുഖ്യമന്ത്രിയാകും. 85 നും 95 നുമിടയില്‍ സീറ്റ് എല്‍.ഡി.എഫ് നേടിയേക്കും.
കേരളത്തിന്റെ രാഷ്ട്രീയചരിത്രം തിരുത്തിക്കുറിക്കുന്നതാണ് ഇടതുവിജയം. സമീപകാല ചരിത്രത്തിലൊന്നും ഒരേ മുന്നണി തുടര്‍ച്ചയായി രണ്ടുതവണ അധികാരത്തില്‍ വന്നില്ല. മുമ്പൊരിക്കല്‍ വി.എസ് അച്യുതാന്ദന് നാല് സീറ്റിന് നഷ്ടപ്പെട്ട തുടര്‍വിജയമാണ് ഇപ്പോള്‍ പിണറായി വിജയന്‍ നേടുന്നത്.
ബി.ജെ.പി നില മെച്ചപ്പെടുത്തുമെന്നാണ് സൂചന. ഒന്നില്‍നിന്ന് മൂന്നിലേക്ക് അവര്‍ വളരുന്നു. എങ്കിലും കെ. സുരേന്ദ്രന്റെ തിരിച്ചടി അവര്‍ക്ക് വലിയ ആഘാതമായി. പല അപ്രതീക്ഷിത വിജയങ്ങളും പരാജയങ്ങളും ഉണ്ടാകുമെന്നാണ് സൂചന.
മലപ്പുറം, കോട്ടയം, വയനാട് മാത്രമാണ് യു.ഡി.എഫിന് ആശ്വാസം. എറണാകുളത്തും മോശമല്ല. ബാക്കി ജില്ലകളെല്ലാം ഇടതിനൊപ്പമാണ് നില്‍ക്കുന്നത്.
സംസ്ഥാനത്ത് ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പാലാ നിയോജക മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറി മാറിയുന്നു. ആദ്യ സൂചനകൾ പ്രകാരം ജോസ് കെ മാണിയായിരുന്നു മുന്നിലെങ്കിൽ പിന്നീട് മാണി സി കാപ്പൻ ലീഡ് നേടുകയായിരുന്നു. പാലായിലേത് പണാധിപത്യത്തിന് എതിരായ ജനാധിപത്യത്തിന്റെ വിജയമെന്ന് മാണി സി കാപ്പൻ. പാലായില്‍ വിജയം ഉറപ്പാക്കി മുന്നേറുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
കുന്നത്തുനാട് ഉള്‍പ്പെടെ എറണാകുളം ജില്ലയിലെ ഒരു മണ്ഡലത്തിലും ട്വൻ്റി 20യ്ക്ക് രണ്ടാം സ്ഥാനത്തു പോലും എത്താൻ സാധിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം.ദ്ദേശതെരഞ്ഞെടുപ്പിലെ വിജയം നിയമസഭയിൽ ആവര്‍ത്തിക്കാൻ രംഗത്തിറങ്ങിയ ട്വൻ്റി 20 പാര്‍ട്ടിയ്ക്ക് നിരാശ. പാര്‍ട്ടി മികച്ച വിജയം പ്രതീക്ഷിച്ച കുന്നത്തുനാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിൽ പ്രതീക്ഷിച്ച പ്രകടനം നേടാൻ പാര്‍ട്ടിയ്ക്ക് കഴിഞ്ഞില്ല. മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂര്‍ത്തിയാകുമ്പോള്‍ യുഡിഎഫിനും എൽഡിഎഫിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് ട്വൻ്റി 20.
Watch : https://youtu.be/zcrUCvBD16k
കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ന് വോട്ടെണ്ണുന്നത് മൂന്ന് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും. തമിഴ്നാട് പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവടങ്ങളിലാണ് വോട്ടെണ്ണല്‍.പശ്ചിമ ബംഗാളില്‍ തൂക്കുസഭയും തമിഴ്‍നാട്ടില്‍ അധികാരക്കൈമാറ്റവും അസമില്‍ ബിജെപി സര്‍ക്കാരിന്‍റെ തുടര്‍ച്ചയുമാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.
കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ഥികളാണ് വൈറസ് ബാധിച്ച് മരിച്ചത്. പശ്ചിമ ബംഗാളില്‍ എട്ട് ഘട്ടമായും അസമില്‍ മൂന്നു ഘട്ടങ്ങളിലുമായിരുന്നു തെരഞ്ഞെടുപ്പ്.
അസമില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലം. 51 സീറ്റുകളിലാണ് നിലവില്‍ ബി.ജെ.പി മുന്നില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ് 29 സീറ്റുകളില്‍ മുന്നിലുണ്ട്.എ.ജെ.പി മൂന്ന് സീറ്റുകളില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. 126 സീറ്റുകളിലേക്കാണ് അസമില്‍ മത്സരം നടന്നത്
പശ്ചിമ ബംഗാള്‍
രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിപുലമായ തെരഞ്ഞെടുപ്പായിരുന്നു പശ്ചിമ ബംഗാളിലേത്. മമത ബാനര്‍ജിയില്‍ നിന്നും അധികാരം പിടിച്ചെടുക്കാന്‍ ബിജെപി കടുത്ത പ്രചാരണമാണ് നടത്തിയത്. ഇടതുപക്ഷവും കോണ്‍ഗ്രസും സംയുക്തമായി മത്സരിച്ചതും വ്യത്യസ്‍തമായി. 294 മണ്ഡലങ്ങളില്‍ 292 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടിടങ്ങളില്‍ സ്ഥാനാര്‍ഥികള്‍ കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടു. 148 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. തൃണമൂല്‍ 131 സീറ്റുകള്‍വരെ നേടുമെന്നാണ് പ്രവചനങ്ങള്‍.
231 സീറ്റുകളിലെ ഫലസൂചനകള്‍ വരുമ്പോള്‍ തൃണമൂൽ കോൺഗ്രസ് 129 ഇടത്ത് മുന്നേറുമ്പോള്‍ ബിജെപി 116 മണ്ഡലത്തിലും മുന്നേറുകയാണ്. ഇടത് പാര്‍ട്ടികള്‍ മൂന്നിടത്തുമാണ് മുന്നേറുന്നത്.
തമിഴ്നാട്
തെരഞ്ഞെടുപ്പ് നടന്നത് 234 സീറ്റുകളിലേക്കാണ്. എം കെ സ്റ്റാലിന്‍റെ ഡിഎംകെ അധികാരത്തില്‍ വരുമെന്നാണ് പ്രവചനങ്ങള്‍. ഡി.എം.കെയുടെ മുന്നണിയില്‍ കോൺഗ്രസ്, ഇടതുപാര്‍ട്ടികള്‍, വിടുതലൈ ചിരുതൈകള്‍ കക്ഷി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം കന്യാകുമാരി ലോക് സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്.
പുതുച്ചേരി
കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ അധികാരത്തില്‍ എത്തുമെന്നാണ് പ്രവചനം. 2016 തെരഞ്ഞെടുപ്പില്‍ വെറും 2.5% മാത്രമായിരുന്നു ബിജെപിയുടെ വോട്ടുവിഹിതം. കോൺഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ തകര്‍ന്നടിയുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. 30 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 23 എണ്ണമാണ് പുതുച്ചേരിയില്‍ ഉള്ളത്. കേരളത്തിലെ മാഹിയിലും ഒരു സീറ്റ് ഉണ്ട്.
അസം
മൂന്ന് ഘട്ടങ്ങളിലായണ് തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം സീറ്റുകള്‍ 126. ബിജെപിയും കോൺഗ്രസ് നേതൃത്വം നല്‍കുന്ന ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും (ഒ.ഐ.യു.ഡി.എഫ്) തമ്മിലാണ് മത്സരം. ഏഴ് പാര്‍ട്ടികളാണ് കോണ്‍ഗ്രസിനൊപ്പമുള്ളത്. അസം ജാതീയ പരിഷദ് (എ.ജെ.പി), ജയിലില്‍ കഴിയുന്ന കര്‍ഷകാവകാശ പ്രവര്‍ത്തകന്‍ അഖിൽ ഗൊഗോയ്‍യുടെ റെയ്‍ജോര്‍ ദള്‍ എന്നിവരും മത്സരിക്കുന്നു. സര്‍ബാനന്ദ സൊനോവാള്‍ നയിക്കുന്ന ബിജെപി അധികാരത്തില്‍ തുടരുമെന്നാണ് പ്രവചനങ്ങള്‍.