സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 15 ട്രെയിനുകള്‍ മേയ് 31 വരെ റദ്ദാക്കി. വേണാട്, വഞ്ചിനാട്, ഇന്റര്‍സിറ്റി, ഏറനാട്, കണ്ണൂര്‍ ജന്‍ശതാബ്ദി, പാലരുവി എക്സ്പ്രസ്, ചെന്നൈ–തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ–തിരുവനന്തപുരം അന്ത്യോദയ, ബാനസവാടി–എറണാകുളം എക്സ്പ്രസ്, മംഗലാപുരം–തിരുവനന്തപുരം എക്സ്പ്രസ്, നിസാമുദീന്‍–തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ റദ്ദാക്കി. ആലപ്പുഴ–കൊല്ലം, എറണാകുളം–ആലപ്പുഴ, ഷൊര്‍ണൂര്‍–എറണാകുളം മെമുവും റദ്ദാക്കി. | |
ഇതിനിടെ, ലോക്ഡൗണ്‍ കണക്കിലെടുത്ത് ദൂരസ്ഥലങ്ങളിലുള്ളവര്‍ക്ക് വീട്ടിലെത്താന്‍ സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി. ഇന്നും നാളെയും പരമാവധി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും. ബെംഗളുരുവിലുള്ള മലയാളികളെ നാട്ടിലെത്തിക്കാന്‍ മൂന്ന് ബസുകള്‍ തയാറാക്കിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചാല്‍ കൂടുതല്‍ സര്‍വീസ് നടത്തും. സംസ്ഥാനത്തെ ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി ബസ് വിട്ടുകൊടുക്കാമെന്നും, ആവശ്യമുള്ളവര്‍ അതത് യൂണിറ്റ് ഒാഫീസര്‍മാരെ സമീപിക്കണമെന്നും സി.എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചു. | |
കോവിഡ് വ്യാപനം തടയാന്‍ കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം. മറ്റന്നാള്‍ മുതല്‍ 16 വരെ ഒന്‍പതു ദിവസം സംസ്ഥാനം അടച്ചിടും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെ പ്രവൃത്തിസമയം പരിമിതപ്പെടുത്തും. ആശുപത്രി സേവനങ്ങള്‍ക്ക് തടസം വരില്ല. പാചകവാതക വിതരണം തുടരും. ലോക്ഡൗണിലെ ഇളവുകള്‍ വ്യക്തമാക്കി വൈകിട്ട് ഉത്തരവ് ഇറക്കും. |
15 ട്രെയിനുകള്‍ റദ്ദാക്കി; ലോക്ഡൗണിന് മുന്‍പ് വീട്ടിലെത്താന്‍ കെഎസ്ആര്‍ടിസി...
വ്യാഴാഴ്ച, മേയ് 06, 2021