ചെന്നൈ: കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി. നാളെ മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂവും ഞായറാഴ്ച്ചകളിൽ സമ്പൂർണ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. അടിയന്തര മെഡിക്കൽ സേവനങ്ങൾ, പെട്രോൾ പമ്പുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയെ നൈറ്റ് കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാത്രി 10 മുതൽ രാവിലെ 4 മണിവരെയാണ് കർഫ്യൂ. ഞായറാഴ്ച്ചകളിൽ ഹോട്ടലുകളിൽ ഹോം ഡെലിവറി സൗകര്യം മാത്രം ഉണ്ടായിരിക്കും. സിനിമാ തിയേറ്ററുകൾ, ഷോപ്പിങ് കോംപ്ലക്സ്, മാർക്കറ്റുകൾ തുടങ്ങിയവയെല്ലാം അടഞ്ഞിരിക്കും. ഇന്നലെയാണ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി തമിഴ്നാട് സർക്കാർ ഉത്തരവുകൾ പ്രഖ്യാപിച്ചത്.
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പ്രാക്ടിക്കൽ പരീക്ഷകൾ നേരത്തേ തീരുമാനിച്ചത് പ്രകാരം നടക്കും.
തമിഴ്നാട്ടിൽ കോവിഡ് കേസുകൾ കുത്തനെ ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പ്രഖ്യാപനം. ശനിയാഴ്ച്ച 9,344 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 9,80,728 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. 65,635 ആക്ടീവ് കേസുകളാണുള്ളത്.