പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ‘മരക്കാർ, അറബിക്കടലിൻ്റെ സിംഹം’ എന്ന സിനിമയുടെ റിലീസ് മാറ്റി. ഓഗസ്റ്റ് 12 ലേക്കാണ് റിലീസ് മാറ്റിയത്. സംസ്ഥാനത്തെ ഉയരുന്ന കൊവിഡ് ബാധ കണക്കിലെടുത്താണ് തീരുമാനം. നേരത്തെ, മെയ് 13നാണ് ചിത്രത്തിൻ്റെ റിലീസ് തീരുമാനിച്ചിരുന്നത്.
മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാർ. 100 കോടി രൂപയാണ് ബഡ്ജറ്റ്. വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് മരക്കാർ നിർമിക്കുന്നത്. തിരു ആണ് ക്യാമറ. അനി ഐവി ശശിയും പ്രിയദർശനൊപ്പം തിരക്കഥയിൽ പങ്കാളിയാണ്. കൂറ്റൻ വിഎഫ്എക്സ് സെറ്റുകളിലാണ് സിനിമയിലെ കടൽ രംഗങ്ങൾ ചിത്രീകരിച്ചത്. അഞ്ച് ഭാഷകളിലിറങ്ങുന്ന ചിത്രം അമ്പതിലേറെ രാജ്യങ്ങളിലായി 5000 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തും. മാർവെൽ സിനിമകൾക്ക് വിഎഫ്എ ക്‌സ് ഒരുക്കിയ അനിബ്രയിനാണ് മരയ്ക്കാറിന് വിഎഫ്എക്‌സ് ഒരുക്കുന്നത്.