ഡബ്ലിന് : പ്രശ്നങ്ങളും പ്രതിസന്ധിയുമൊക്കെയുയര്‍ത്തിയ ബ്രക്സിറ്റ് ഡബ്ലിന് ഏറെ ഗുണം ചെയ്‌തെന്ന് വിദഗ്ധ റിപ്പോര്‍ട്ട് .ബ്രിട്ടനിലെ 449 ധനകാര്യ സ്ഥാപനങ്ങളാണ് ബ്രക്സിറ്റ് മൂലം അവരുടെ പ്രവര്‍ത്തനങ്ങളെയും സ്റ്റാഫുകളെയും ഒരു ട്രില്യണ്‍ യൂറോ വരുന്ന ആസ്തികളെയും യൂറോപ്യന്‍ യൂണിയനിലെ ഹബുകളിലേക്ക് മാറ്റിയതെന്ന് ന്യൂ ഫിനാന്‍ഷ്യല്‍ തിങ്ക് ടാങ്ക് പഠനം വെളിപ്പെടുത്തുന്നു.ഇവയില്‍ 135 സ്ഥാപനങ്ങളും തിരഞ്ഞെടുത്തത് ഡബ്ലിനാണെന്ന് പഠനം പറയുന്നു.
ഡബ്ലിന് ശേഷം ബ്രക്സിറ്റ് റീ ലൊക്കേഷന്‍ ഗുണം ചെയ്തത് പാരീസിനാണ്. 102 സ്ഥാപനങ്ങളാണ് അങ്ങോട്ടേയ്ക്ക് മാറിയത്.ലക്സംബര്‍ഗ് 95, ഫ്രാങ്ക്ഫര്‍ട്ട് 63, ആംസ്റ്റര്‍ഡാം 48 എന്നിങ്ങനെയും റീലൊക്കേഷനുണ്ടായി.
7400ലേറെ ജോലികളും യൂറോപ്യന്‍ യൂണിയനിലേയ്ക്ക് മാറിയിട്ടുണ്ട്.അവയുടെ ആനുപാതിക പ്രയോജനവും ഡബ്ലിന് ലഭിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം പല ഷിഫ്ടിങ്ങുകളും വൈകുന്നുണ്ടെന്നും പഠനം പറയുന്നു.ആകെ 449 റീ ലൊക്കേഷനുകളാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. ഇത് 500 കവിയുമെന്നാണ് കരുതുന്നത്. 2019ല്‍ നടത്തിയ സര്‍വ്വെയില്‍ 269 സ്ഥാപനങ്ങളെത്തുമെന്നാണ് കണ്ടെത്തിയത്.
ബാങ്കുകള്‍ ബ്രിട്ടനില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലേക്ക് 900 ബില്യണ്‍ യൂറോയിലധികം ആസ്തികള്‍ നീക്കി.ഇന്‍ഷുറര്‍മാരും അസറ്റ് മാനേജര്‍മാരും 100 ബില്യണ്‍ യൂറോയിലധികം ആസ്തികളും ഫണ്ടുകളും കൈമാറി.ഇതെല്ലാം യുകെയുടെ നികുതി അടിത്തറ ഇളക്കുന്നതാണെന്ന് പഠനം വിശദീകരിക്കുന്നു.
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആസ്തികളുടെ കാര്യത്തില്‍ ഫ്രാങ്ക്ഫര്‍ട്ടാണ് വിജയിയെന്ന് പഠനം വെളിപ്പെടുത്തുന്നു. ജോലികളുടെ കാര്യത്തില്‍ പാരീസ് ആണ് ഏറ്റവും വലിയ ഗുണഭോക്താവ്.ജനുവരി മുതല്‍ യൂറോപ്പിലെ ഏറ്റവും വലിയ ഓഹരി വ്യാപാര കേന്ദ്രമായി മാറിക്കൊണ്ട് ആംസ്റ്റര്‍ഡാം ലണ്ടനെ കീഴടക്കി. സാമ്പത്തികരംഗത്തെ ബ്രക്സിറ്റിന്റെ ഏറ്റവും വലിയ അടയാളമാണ് ഇതെന്ന് പഠനറിപ്പോര്‍ട്ട ചൂണ്ടിക്കാട്ടുന്നു.
ഭാവിയില്‍ ലണ്ടന്‍ നഗരം യൂറോപ്പിലെ പ്രധാന ധനകാര്യ കേന്ദ്രമായേക്കുമെന്നും എന്നിരുന്നാലും അതിന്റെ സ്വാധീനം ഇല്ലാതാകുമെന്നും പഠനം പറയുന്നു. യൂറോപ്യന്‍ യൂണിയനുമായുള്ള ധനകാര്യ സേവനങ്ങളില്‍ ബ്രിട്ടന്റെ 26 ബില്യണ്‍ യൂറോയുടെ വാര്‍ഷിക വ്യാപാര മിച്ചം കുറയുമെന്നും പഠനം വ്യക്തമാക്കി.
300 മുതല്‍ 500 വരെ ചെറിയ യൂറോപ്യന്‍ യൂണിയന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ബ്രിട്ടനില്‍ ഒരു സ്ഥിര ഓഫീസ് തുറക്കുമെന്ന് പഠനം പ്രതീക്ഷിക്കുന്നു. ഇത് മുമ്പ് പ്രവചിച്ചതിനേക്കാള്‍ വളരെ കുറവാണ്. 1000 സ്ഥാപനങ്ങളെങ്കിലും ബ്രിട്ടനിലെത്തുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്.