മെയ് മാസത്തിൽ യുകെയിൽ തിരിച്ചെത്താൻ ടിക്കറ്റ് ബുക്ക് ചെയ്‌ത് നാട്ടിലേക്ക് പുറപ്പെട്ട കുടുംബം... മരണം തന്റെ പ്രിയ ഭാര്യയെ തട്ടിയെടുത്തപ്പോൾ നോക്കിനിൽക്കാൻ മാത്രം വിധിക്കപ്പെട്ട ഭർത്താവ്... അമ്മയെ നഷ്ടപ്പെട്ട ദുഃഖം താങ്ങാൻ കഴിയാതെ രണ്ട് കുട്ടികളും...
യുക്കെ മലയാളിയും സന്ദർലാണ്ടിലെ സോജി ജോസഫിൻ്റെ സഹധർമ്മിണി ബെറ്റി സോജി (47) നാട്ടിൽ (22/04/2021) നിര്യാതയായി. ബെറ്റിയുടെ ചികിത്സാർത്ഥം സോജിയും കുടുംബവും നാട്ടിലായിരുന്നു. കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. അങ്കമാലി അപ്പോളോ ആശുപത്രിയിൽ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്ന അവസരത്തിൽ ആയിരുന്നു മരണം സംഭവിച്ചത്.
ചികിത്സ തുടരുന്നതിനാൽ പഠനത്തിന് തടസ്സമുണ്ടാകാതിരിക്കാൻ മൂത്ത മകൾ സാന്ദ്ര അമ്മയോട് യാത്ര പറഞ്ഞ് രണ്ട് ദിവസം മുൻപ് തിരികെ യുകെയിലേക്ക് എത്തിയതിൻ്റെ പിറ്റേന്ന് തന്നെ അമ്മ ബെറ്റി ലോകത്തോട് വിട പറഞ്ഞിരുന്നു. ഇന്നലെ അമ്മ മരിച്ചതറിയാതെ മകൾ സാന്ദ്ര ഇന്ന് ഉച്ചക്ക് ലണ്ടനിൽ നിന്നും നാട്ടിലേക്ക് വിമാനം കയറി. ബെറ്റിയുടെ ചികിത്സാകാര്യങ്ങൾക്കായി കുടുംബസമേതം കേരളത്തിലേക്ക് തിരിച്ച് അധികം വൈകാതെ തന്നെ ബെറ്റിയുടെ വേർപാടിന്റെ ഞെട്ടിക്കുന്ന വാർത്തയാണ് സണ്ടർലൻഡ് മലയാളീകൾ അറിഞ്ഞിരിക്കുന്നത്.
യുകെയിൽ 2009-ൽ റെഡിംങിലെത്തിയ സോജിയും കുടുംബവും 2010ലാണ് സന്ദർലാൻഡിൽ താമസമാക്കിയത്. 2009 ൽ യു കെയിലെത്തുന്നതിന് മുൻപ് സോജിയും കുടുംബവും സൗദിയിലായിരുന്നു. ബെറ്റി സണ്ടർലാൻഡ് റോയൽ ഹോസ്പിറ്റലിൽ നഴ്സാസായി ജോലി ചെയ്തു വരികയായിരുന്നു.ഇയർ 9 വിദ്യാർത്ഥിയായ ബെൻ സോജി മകനാണ്. ബെറ്റി,വെളുത്തേടത്ത് വീട്ടിൽ, പാലാ ഭരണങ്ങാനം അമ്പാറനിരപ്പ് സ്വദേശിയാണ്. ബെറ്റിയുടെ സംസ്ക്കാരശുശ്രുഷകൾ,മകൾ സാന്ദ്ര എത്തിച്ചേർന്ന ശേഷം ഏപ്രിൽ 26 ന് ഉച്ചതിരിഞ്ഞു സോജിയുടെ ഭവനത്തിൽ നിന്നും ആരംഭിച്ച് ഇടവക ദേവാലയമായ താന്നിപ്പുഴ സെന്റ്. ജോസഫ് പള്ളിയുടെ സിമിത്തേരിയിൽ നടക്കും.