ഡബ്ലിന്‍:അയര്‍ലണ്ടിനോട് സലാം പറഞ്ഞ് കളം വിടുകയാണ് ബാങ്കുകള്‍…അള്‍സ്റ്റര്‍ ബാങ്ക്, ബാങ്ക് ഓഫ് സ്‌കോട്ട്ലണ്ട് അയര്‍ലണ്ട്, റബോബാങ്ക്, ഡാന്‍സ്‌കെ ബാങ്ക് ഏറ്റവും അവസാനം കെ ബി സി ബാങ്ക്… സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പട്ടിക ഇനിയും നീളുമെന്ന് തന്നെയാണ് സൂചന..
കെബിസി ബാങ്ക് അതിന്റെ വായ്പാ പോര്‍ട്ട്ഫോളിയോയും ബാധ്യതകളും ബാങ്ക് ഓഫ് അയര്‍ലന്‍ഡിലേയ്ക്ക് ലയിപ്പിച്ചു വില്പന നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തുന്നുണ്ടെന്ന ഞെട്ടിക്കുന്ന വാര്‍ത്തയും പുറത്തുവന്നതോടെ രാജ്യത്തിന്റെ ബാങ്കിംഗ് വിപണിയില്‍ അസാധാരണമായ എന്തോ സംഭവിക്കുന്നുണ്ടെന്ന ധാരണ ശക്തമാവുകയാണ്.
എന്തുകൊണ്ടാണ് ഈ ബാങ്കുകള്‍ അയര്‍ലണ്ട് വിടുന്നതെന്ന വിഷയം അയര്‍ലണ്ടിലെങ്ങും ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ്. പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. എന്നാല്‍ ഇവയൊക്കെ പരിഹരിക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ ഭരണകൂടം ഈ പ്രശ്നത്തില്‍ കാഴ്ചക്കാരനാകുന്ന സ്ഥിതിയാണിവിടെ.
കുറഞ്ഞ പലിശനിരക്ക്.. കുറഞ്ഞ ലാഭം
അന്താരാഷ്ട്ര തലത്തില്‍ പലിശനിരക്ക് നിലവില്‍ റെക്കോര്‍ഡ് എന്ന നിലയില്‍ താഴ്ന്നതാണെന്നതാണ് പ്രധാന അനാകര്‍ഷണം.മുന്‍ സാമ്പത്തിക പ്രതിസന്ധിയും ഇപ്പോഴത്തെ കോവിഡ് -19 ന്റെ ആഘാതവുമെല്ലാം കാരണം പലിശനിരക്ക് കുറച്ചുകാലമായി അങ്ങനെ തന്നെ നില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ ബാങ്കുകള്‍ക്കും മറ്റ് കടം കൊടുക്കുന്നവര്‍ക്കുമുള്ള മാര്‍ജിനും ലാഭവുമൊക്കെ വളരെ കുറവാണ്.
കുറഞ്ഞ പലിശനിരക്കുള്ളതും കാര്യമായ ലാഭമില്ലാത്തതുമായ ട്രാക്കര്‍ മോര്‍ട്ട്ഗേജുകളുടെ പാരമ്പര്യത്താല്‍ ‘സമ്പന്ന’മായതിനാല്‍ അയര്‍ലണ്ടിലെ സ്ഥിതി കൂടുതല്‍ മോശമാകുന്നു.ഐറിഷ് ബാങ്കുകള്‍ ഇപ്പോഴും വലിയ അളവില്‍ കൈവശം വച്ചിട്ടുള്ളത് ഇവയാണ്.
കൂടുതല്‍ സമ്പാദിക്കാനായില്ലെങ്കില്‍ പിന്നെന്തിന് …
ബാങ്കുകളുടെ മറ്റൊരു തടസ്സം അവരുടെ അന്തര്‍ദ്ദേശീയ സമകാലികരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൈവശം വയ്ക്കാവുന്ന മൂലധനത്തിന്റെ അളവാണ്. ഒരു ദശാബ്ദത്തിലേറെയായി, ഇവിടെ മുന്‍ സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം തുടരുകയാണ്. അത് കുറയ്ക്കുന്നതില്‍ അവര്‍ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഐറിഷ് ബാങ്കുകള്‍ക്ക് മിക്ക യൂറോപ്യന്‍ ബാങ്കുകളേക്കാള്‍ മോശം കടബാധ്യതകളാണുള്ളത്.