ബ്രസല്‍സ്: അസ്ട്രസെനക്ക വാക്സിന് വാങ്ങുന്നതിന് നല്കിയ കരാറുകള്‍ പുതുക്കേണ്ടെന്ന തീരുമാനത്തിലേക്ക് യൂറോപ്യന്‍ യൂണിയന് നീങ്ങുന്നതായി സൂചന. വാഗ്ദാനം ചെയ്ത അളവില്‍ ഡോസുകള്‍ ലഭ്യമാക്കാന്‍ കമ്പനിക്കു സാധിച്ചില്ലെന്നു മാത്രമല്ല, രക്തം കട്ടപിടിക്കുന്നതു പോലുള്ള പാര്‍ശ്വഫലങ്ങള്‍ വാക്സിന് സ്വീകരിച്ചവരില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
അസ്ട്രസെനക്ക വാക്സിന് വിതരണം ഡെന്മാര്ക്ക് അനിശ്ചിതകാലത്തേക്ക് പൂര്‍ണമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം, ഫൈസര്‍ വാക്സിന്റെ അമ്പത് മില്യന്‍ ഡോസുകള്‍ പറഞ്ഞതിലും നേരത്തെ എത്തിക്കാനുള്ള ശ്രമങ്ങള്‍ യൂറോപ്യന്‍ യൂണിയന് തുടരുകയും ചെയ്യുന്നു.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനമൊന്നുമായിട്ടില്ലെങ്കിലും അസ്ട്രസെനക്ക വാക്സിന് ഇനി യൂറോപ്യന്‍ യൂണിയനിലേക്ക് വാങ്ങാന്‍ സാധ്യതയില്ലെന്ന സൂചനയാണ് ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കുന്നത്.
ജോണ്സണ് ആന്‍ഡ് ജോണ്സണ് വാക്സിനും രക്തം കട്ടപിടിക്കുന്ന പാര്‍ശ്വഫലങ്ങള്‍ കണ്ട സാഹചര്യത്തില്‍ അവരുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. ഫൈസറില്നിന്നും മോഡേണയില്നിന്നും കൂടുതല്‍ വാക്സിന് ഡോസുകള്‍ ലഭ്യമാക്കാനാണ് ശ്രമം