കേരളത്തിലെ പതിമൂന്ന് ജില്ലകളില്‍ ഇരട്ട ജനിതക മാറ്റം വന്ന വൈറസ്. B1 617 വൈറസ് ബാധ ഏറ്റവും കൂടുതല്‍ കോട്ടയം ജില്ലയിലാണ്. ഒരു മാസത്തിനിടെയാണ് ജനിതക മാറ്റം വന്ന വൈറസ് വ്യാപനം രൂക്ഷമായത്.പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് ജനിതകമാറ്റ വൈറസ് സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തിരിക്കുന്നത്. ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടേതാണ് കണ്ടെത്തല്‍. ഈ സ്ഥാപനത്തെയാണ് വൈറസ് ബാധയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.
രണ്ടാംതരംഗം ഗുരുതരമെന്ന് മുഖ്യമന്ത്രി
കോവിഡിന്റെ രണ്ടാം തരംഗത്തിൽ ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ പ്രബല സാന്നിധ്യമാണ് കാണാൻ കഴിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകൾ കേരളത്തിൽ ഏപ്രിൽ ആദ്യവാരത്തിൽ തന്നെ വ്യാപിച്ചു കഴിഞ്ഞുവെന്നാണ് പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്ന് കോവിഡ് അവലോകന യോഗ്തതിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
വാരാന്ത്യ ലോക്ഡൗണിലൂടെ മാത്രം കേരളത്തെ രക്ഷിക്കാനാകില്ലെന്ന് വലിയിരുത്തല്‍. ഒരാഴ്ച കൂടി കഴിഞ്ഞാല്‍ കോവിഡിനെ നേരിടാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടി വരും. വ്യാപന തോത് കുറഞ്ഞില്ലെങ്കില്‍ രണ്ടാഴ്ചയെങ്കിലും സമ്പൂര്‍ണ്ണ ലോക്ഡൗണിനെ കുറിച്ച് കേരളത്തിനും ചിന്തിക്കേണ്ട അവസ്ഥ.
വീണ്ടും അടച്ചിടൽ
സിനിമാ തിയേറ്റർ, ഷോപ്പിങ് മാൾ, ജിംനേഷ്യം, ക്ലബ്, സ്പോർട്സ് കോംപ്ലക്സ്, നീന്തൽക്കുളം, പാർക്കുകൾ എന്നിവയും അടച്ചിടാൻ സർവകക്ഷിയോഗം തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത മാർക്കറ്റുകളും മാളുകളും കുറഞ്ഞത് രണ്ടുദിവസം പൂർണമായും അടച്ചിടും. ലംഘനത്തിന്റെ തോത് അനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ ദിവസത്തേക്ക് അടപ്പിക്കും.
ബാറുകളും വിദേശമദ്യഷോപ്പുകളും അടച്ചു
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ബാറുകളും വിദേശമദ്യ ശാലകളും തല്ക്കാലത്തേക്ക് അടയ്ക്കാൻ തീരുമാനിച്ചു. സംസ്ഥാനത്തെ കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത സർകക്ഷിയോഗത്തിന്റേതാണ് തീരുമാനം. ഇന്നലെ വൈകുന്നേരം മുതൽ തന്നെ സർവകക്ഷിയോഗത്തിന്റെ തീരുമാനങ്ങൾ നിലവിൽ വന്നു.
ആരാധനാലയങ്ങളിലും നിയന്ത്രണം
ആരാധനാലയങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പളളികളിൽ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുളളൂ. ചെറിയ പള്ളികളാണെങ്കിൽ എണ്ണം ഇതിലും ചുരുക്കണം. ഇക്കാര്യം ജില്ലാകളക്ടർമാർ അതാതിടത്തെ മതനേതാക്കന്മാരുമായി ചർച്ച ചെയ്ത് തീരുമാനിക്കണം.
പഠനം ഓൺലൈനിൽ മാത്രം
സർക്കാർ,സ്വകാര്യ വിദ്യാലയങ്ങളിലെ ക്ലാസുകൾ പൂർണമായും ഓൺലൈനിലാക്കും. വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു
കേരള പബ്ലിക് സർവീസ് കമ്മിഷൻ 2021 മെയ് മാസത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കൊവിഡ് 19 രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് കമ്മിഷൻ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി
കോവിഡ് വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു. ബുധനാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
കൂടുതൽ ജാഗ്രത അനിവാര്യമെന്ന് മുഖ്യമന്ത്രി
രോഗലക്ഷണമില്ല എന്നു കരുതിയുള്ള അശ്രദ്ധ പോലും നമുക്കിപ്പോൾ താങ്ങാനാവുന്നതല്ലെന്നും രോഗലക്ഷണങ്ങൾ പുറത്തുവരാത്ത പ്രീസിംപ്റ്റമാറ്റിക് ഫേസിലാണ് അതീതീവ്ര വ്യാപനങ്ങൾ നടക്കാറുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മളറിയാതെ മറ്റുള്ളവരിലേയ്ക്ക് രോഗം പകരുകയാണ് ചെയ്യുന്നത്. അതുകൊണ്ട്, രോഗബാധിതനായ വ്യക്തി എത്രമാത്രം ജാഗ്രത കാണിക്കുന്നുവോ അതുപോലെ എല്ലാവരും ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് രോഗികളുടെ ഡിസ്ചാർജ് മാനദണ്ഡം പുതുക്കി
പുതിയ കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കോവിഡ് രോഗികളുടെ ഡിസ്ചാർജ് മാനദണ്ഡം പുതുക്കി ആരോഗ്യവകുപ്പ്. രോഗതീവ്രത കുറഞ്ഞ രോഗികളെ ഡിസ്ചാർജ് ചെയ്യാൻ ഇനി ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. 72 മണിക്കൂർ ലക്ഷണം കാണിച്ചില്ലെങ്കിൽ ഇവരെ വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റാമെന്ന് പുതിയ സർക്കുലറിൽ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ലണ്ടനിലെ വൈറസ് വകഭേദം മാത്രമായിരുന്നു കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മാര്‍ച്ചില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ വകഭേദവും ആഫ്രിക്കന്‍ വകഭേദവും കണ്ടെത്തിയിരുന്നു.
ജനിതവ്യതിയാനം വന്ന വൈറസുകള്‍ ഏപ്രില്‍ ആദ്യവാരം തന്നെ സംസ്ഥാനത്ത് വ്യാപിച്ചതായാണ് പഠനത്തില്‍ കണ്ടെത്തിയത്. അതിവേഗം പടരുന്ന വൈറസിന്റെ ബ്രിട്ടീഷ് വകഭേദവും കൂടുതല്‍ മാരകമായ ദക്ഷിണാഫ്രിക്കന്‍ വകഭേദവും കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യുകെ വകഭേദം കൂടുതല്‍ കണ്ടിട്ടുള്ളത് വടക്കന്‍ ജില്ലകളിലാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയില്ലെങ്കില്‍ രോഗവ്യാപനം വര്‍ധിക്കാനാണ് സാധ്യത.
കേരളത്തിൽ കൊവിഡ് ക്വാറന്റീൻ ഐസൊലേഷൻ മാർഗനിർദേശങ്ങൾ ആരോഗ്യ വകുപ്പ് പുതുക്കി