വത്തിക്കാന്‍സിറ്റി: ആഗോള കത്തോലിക്കാ സഭയില്‍ ഈ വര്‍ഷം വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കുകയാണ്. ഈശോയുടെ വളര്‍ത്തച്ചന്റെ വിശുദ്ധ ജീവിതത്തെപ്പറ്റി ധ്യാനിക്കുവാനും ആ വത്സലപിതാവിന്റെ പുണ്യജീവിതം മാതൃകയാക്കുവാനുമുളള ഒരു വര്‍ഷം. അതില്‍ ഏറ്റവും കൂടുതല്‍ ധ്യാനവിഷയമാകുന്നത് വിശുദ്ധ യൗസേപ്പിതാവിന് തിരുകുടുംബത്തോടുണ്ടായിരുന്ന കരുതല്‍, സ്വന്തം ജീവിതത്തില്‍ പുലര്‍ത്തിയ നീതിബോധം, ദൈവഹിതത്തോടുളള വിധേയത്വം എന്നിവയാണ്.
ഒരുപക്ഷേ, വിശുദ്ധ യൗസേപ്പിതാവിനെപ്പറ്റി ധ്യാനിക്കുവാനുളള ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം അദ്ദേഹത്തില്‍ വിളങ്ങിയിരുന്ന ജീവിത പുണ്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ സ്വായത്തമാക്കി ജീവിക്കുന്ന ഇന്നിന്റെ 'ഔസേപ്പിതാക്കന്മാരുടെ' ജീവിതത്തിലേക്ക് കണ്ണോടിക്കുക എന്നതായിരിക്കാം. ഇപ്രകാരം മാതൃകയാക്കാവുന്ന ഒരു വ്യക്തിയാണ് യൗസേപ്പ് എന്ന നാമം മാമ്മോദീസാ വേളയില്‍ സ്വീകരിക്കുകയും, ആ നാമത്തോട് ജീവിതംകൊണ്ട് നീതി പുലര്‍ത്തുകയും ചെയ്യുന്ന ബനഡിക്ട് പതിനാറാമന്‍ എമരിറ്റസ് മാര്‍പാപ്പ.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മാര്‍പാപ്പമാരുടെ വേനല്‍ക്കാല വസതിയായിരുന്ന കാസല്‍ ഗാന്ധോള്‍ഫോ സന്ദര്‍ശിച്ചപ്പോള്‍ മാര്‍പാപ്പയുടെ മുറിയുടെ സൂക്ഷിപ്പിക്കാരന്‍, ബനഡിക്ട് പതിനാറാമന്‍ എമരിറ്റസ് മാര്‍പാപ്പയെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കുന്നു. മാര്‍പ്പാപ്പയുടെ ലാളിത്യത്തെക്കുറിച്ചും എളിമയെക്കുറിച്ചും സ്ഥാനത്യാഗത്തിന്റെ മുമ്പും, ശേഷവുമുളള വേനല്‍ക്കാലവസതിയിലെ അദ്ദേഹത്തിന്റെ താമസത്തെപ്പറ്റിയെല്ലാം അദ്ദേഹം വാചാലനായി. എന്നാല്‍, ഇതിനിടയില്‍ തന്റെ ശബ്ദം ഇടറുന്നതും കണ്ണുകള്‍ ഈറനണിയുന്നതും അദ്ദേഹത്തിന് ഒളിപ്പിക്കാനായില്ല. സഭാദര്‍ശനങ്ങളിലൂടെയും പാണ്ഡ്യത്യത്തിലൂടെയും സ്ഥാനത്യാഗത്തിലൂടെയും ലോകജനതയുടെ ഹൃദയത്തില്‍ ഇടം നേടിയ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ തൊണ്ണൂറ്റിനാലാം ജന്മദിനമാണിന്ന്. 1927ലെ ഈസ്ററര്‍ രാത്രിയിലാണ് (ഏപ്രില്‍ 16) ജര്‍മ്മനിയിലെ ബവേറിയന്‍ സംസ്ഥാനമായ മാര്‍ക്ടല് അം ഇന്നിലാണ് അദ്ദേഹം ജനിച്ചത്.
ജോസഫ് അലോയിസിയൂസ് റാറ്റ്സിങ്ങര്‍ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1951ല്‍ പൗരോഹിത്യം സ്വീകരിച്ചു ഫാ. ജോസഫ് റാറ്റ്സിങ്ങര്‍ ആയി. ദൈവശാസ്ത്രത്തിലുളള അദ്ദേഹത്തിന്റെ അവഗാഹം തിരിച്ചറിഞ്ഞ ജര്‍മ്മനിയിലെ പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികള്‍ ദൈവശാസ്ത്ര അധ്യാപകനായി അദ്ദേഹത്തെ നിയമിച്ചു. പ്രഗത്ഭനായ ദൈവശാസ്ത്രഞ്ജനായി അറിയപ്പെട്ടിരുന്ന സമയത്താണ്, 1977ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ മ്യൂണിക്ൈ്രഫസിങ്ങ് അതിരൂപതയുടെ മെത്രാനായി നിയമിച്ചത്. പിന്നീട്, കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹം,
വത്തിക്കാനിലെ പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്‍ അധ്യക്ഷന്‍, അന്തര്‍ദേശീയ ദൈവശാസ്ത്രകമ്മീഷന്‍ അദ്ധ്യക്ഷന്‍, വിശ്വാസതിരുസംഘത്തിന്റെ തലവന്‍, തുടങ്ങിയ ശ്രദ്ധേയമായ പദവികള്‍ വഹിക്കുകയും, അതിലൂടെ വിലയേറിയ സംഭാവനകള്‍ കത്തോലിക്കാസഭക്ക് നല്കുകയും ചെയ്തു. 2005ല്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് കര്‍ദ്ദിനാള്‍സംഘത്തിന്‍റെ ഡീനായും അദ്ദേഹം മൂന്നു വര്‍ഷക്കാലം ശുശ്രൂഷ ചെയ്തിരുന്നു.
കത്തോലിക്കാസഭയിലെ 265ാം മാര്‍പാപ്പയായി, എഴുപത്തിയെട്ടാം വയസ്സില്‍ ഉയര്‍ത്തപ്പെട്ട കാര്‍ഡിനല്‍ റാറ്റ്സിങ്ങര്‍, ബനഡിക്ട് പതിനാറാമന്‍ എന്ന പേരാണ് തെരഞ്ഞെടുത്തത്. ബെനഡിക്ട് എന്ന വാക്കിന്റെ അര്‍ത്ഥം 'അനുഗ്രഹിക്കപ്പെട്ടവന്‍' എന്നാണ്. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍, ലോകസമാധാനത്തിന് നേതൃത്വം നല്കിയ ബനഡിക്ട് പതിനഞ്ചാം പാപ്പയോടുളള സ്നേഹവും, യൂറോപ്പിന്റെ സഹമദ്ധ്യസ്ഥനായ നാര്‍സിയയിലെ വിശുദ്ധ ബനഡിക്ടിനോടുളള ആദരവും സൂചിപ്പിക്കാനാണ് അദ്ദേഹം ബനഡിക്ട് എന്ന പേര് തെരഞ്ഞെടുത്തത്.
കാരുണ്യവാനായ ദൈവം തിരുസ്സഭയ്ക്ക് ഓരോ കാലഘട്ടത്തിലും അനുയോജ്യരായ ഇടയന്മാരെ നല്കിയിട്ടുണ്ട്. അവരുടെ വാക്കുകളും പ്രവൃത്തികളും കത്തോലിക്കാവിശ്വാസികള്‍ക്ക് മാത്രമല്ല ലോകം മുഴുവനും മാതൃകയായിരുന്നു. ലോകസമാധാനത്തിനും, രാജ്യങ്ങള്‍തമ്മിലുളള സഹകരണത്തിനും, മതമൈത്രിക്കും, ദരിദ്രരരുടെ ഉന്നമനത്തിനും, സഭകള്‍ തമ്മിലുളള കൂട്ടായ്മയ്ക്കും, ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ എട്ടു വര്‍ഷക്കാലം നീണ്ടുനിന്ന തന്റെ പേപ്പസിയുടെ സമയത്ത് നല്കിയ സംഭാവനകള്‍ വിലമതിക്കാന്‍ ആവാത്തതാണ്.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയില്‍ നിന്നും ശൈലിയില്‍ വ്യത്യസ്തനായിരുന്നെങ്കിലും ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പേപ്പസി കത്തോലിക്കാസഭയുടെ വലിയ അനുഗ്രഹമായാണ് എല്ലാവരും കരുതുന്നത്. തിരുസ്സഭയില്‍ സത്യവിശ്വാസത്തിന്റെ കാവലാളായിരുന്ന അദ്ദേഹം, ജീവിതത്തില്‍ വലിയ ലാളിത്യം നിറഞ്ഞ വ്യക്തിയായിരുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ കൈകളില്‍ തിരുകുടുംബത്തെ ഭരമേല്പ്പിച്ചതുപോലെ യൗസേപ്പ് നാമധാരിയായ ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ കൈകളില്‍ ദൈവം തിരുസ്സഭയെ ഭരമേല്പിച്ചു. യൗസേപ്പിതാവിന്റെ കൈകളില്‍ തിരുകുടുംബം എപ്രകാരം ഭദ്രമായിരുന്നോ അപ്രകാരം തന്നെ ബനഡിക്ട് പതിനാറമന്‍ മാര്‍പ്പാപ്പയുടെ കരങ്ങളില്‍ കത്തോലിക്കാസഭയും ഭദ്രമായിരുന്നു.
തിരുസ്സഭയ്ക്കുളളിലും പുറത്തും ഉടലെടുത്ത കാറും കോളുമെല്ലാം ദൈവാശ്രയത്തിലൂന്നി അദ്ദേഹം തരണം ചെയ്തു. വിശുദ്ധ യൗസേപ്പിനെപ്പോലെ, നീതിബോധവും ദൈവഹിതം തിരിച്ചറിയുവാനുളള കഴിവും സമ്മേളിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ബനഡിക്ട് പതിനാറമന്‍ മാര്‍പ്പാപ്പ. അതിനാലായിരിക്കാം കത്തോലിക്കാസഭയിലെ ഉന്നതമായ സ്ഥാനം, സഭയുടെ ഉപരിനന്മയ്ക്കായി ഏറ്റവും ഉചിതമായ സമയത്ത് ത്യജിച്ചുക്കുവാനും, അതുവഴി തിരുസ്സഭയുടെ ചരിത്രത്തില്‍ തന്നെ മാറ്റത്തിന്റെ കൊടുങ്കാറ്റാകുവാനും അദ്ദേഹത്തിന് സാധിച്ചത്.
ഫെബ്രുവരി 11, 2013 തിങ്കളാഴ്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയിലും കര്‍ദ്ദിനാള്‍മാരുടെ യോഗത്തിലും പങ്കെടുക്കാന്‍ ബനഡിക്ട് മാര്‍പാപ്പ എത്തുന്നവരെ കത്തോലിക്കാസഭാ ആസ്ഥാനമായ വത്തിക്കാന്‍ ശാന്തമായിരുന്നു. ആ സമ്മേളനത്തില്‍ ലത്തീന്‍ ഭാഷയില്‍ സംസാരിച്ച മാര്‍പാപ്പ, തന്‍റെ രാജിയുടെ കാര്യം അറിയിച്ചത് മനസ്സിലായത് കുറച്ചുപേര്‍ക്കുമാത്രമായിരുന്നു. അതില്‍ ലത്തീന്‍ ഭാഷയില്‍ പ്രാവീണ്യമുണ്ടായിരുന്ന ആന്‍സ വാര്‍ത്താ ഏജന്‍സിയിലെ ജൊവാന്ന, മാര്‍പാപ്പയുടെ രാജിവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ, അത് ലോകമെങ്ങും വ്യാപിക്കാന്‍ നിമിഷങ്ങളെ വേണ്ടിവന്നുളളു.
1294ല്‍ രാജിവെച്ച ചെലസ്ററിന്‍ അഞ്ചാമന്‍ മാര്‍പാപ്പക്കുശേഷം സ്വന്തം ഇഷ്ടപ്രകാരം സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ മാര്‍പാപ്പയായി ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇന്ന് അറിയപ്പെടുന്നു.
സ്ഥാനത്യാഗത്തിനുശേഷം കാസല്‍ ഗണ്ടോള്‍ഫോയിലേക്ക് ബനഡിക്ട് മാര്‍പാപ്പ ഹെലികോപ്റ്ററില്‍ പോകുന്ന കാഴ്ച ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയിരുന്നു. പ്രാര്‍ത്ഥനയുടെയും നീണ്ട വിചിന്തനത്തിന്റെയും പിന്‍ബലത്തില്‍ ബനഡിക്റ്റ് മാര്‍പാപ്പയെടുത്ത തീരുമാനം തികച്ചും ശരിവെക്കുന്നതായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് എന്ന് ലോകം പിന്നീട് തിരിച്ചറിഞ്ഞു.
തന്റെ പേരുപോലെ അനുഗ്രഹീതമായ ഒരു ജീവിതം നയിച്ചുകൊണ്ട് കത്തോലിക്കാസഭക്കുവേണ്ടിയും, അതിന്റെ ഇടയനും തന്റെ പിന്‍ഗാമിയുമായ ഫ്രാന്‍സിസ് മാര്‍പാപ്പക്കുവേണ്ടിയും പ്രാര്‍ത്ഥനയില്‍ മുഴുകി വിശ്രമജീവിതം നയിക്കുകയാണ് ബനഡിക്ട് എമിരിത്തൂസ് മാര്‍പാപ്പ. കത്തോലിക്കാസഭയില്‍ സത്യവിശ്വാസത്തിന്റെ കാവലാളും നീതിബോധത്തിന്‍റെ ഉദാത്തമാതൃകയും ദൈവഹിതത്തിന്റെ നിതാന്തഅന്വേഷിയുമായ യൗസേപ്പ് പാപ്പായ്ക്ക ്(ബനഡിക്ട് പതിനാറാമന്‍ എമരിത്തൂസ് മാര്‍പ്പാപ്പയ്ക്ക്) ഹൃദയംനിറഞ്ഞ ജന്മദിനാശംസകളും പ്രാര്‍ത്ഥനയും.