533 മില്യൺ ഉപയോക്താക്കളുടെ ഫേസ്ബുക് അക്കൗണ്ട് വിവരങ്ങൾ ചോർന്നതിൽ ഇരയായി ഫേസ്ബുക് സിഇഒ മാർക്ക് സക്കർബർഗും . സക്കർ ബർഗിന്റെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങളാണ് ചോർന്നത്. സൈബർ സുരക്ഷാ വിദഗ്ദ്ധനായ ഡേവ് വൽക്കറാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. ഫേസ്ബുക് സഹസ്ഥാപകരായ ക്രിസ് ഹ്യൂസ്, ഡസ്റ്റിൻ മോസ്കോവിറ്റ്സ് എന്നിവരുടെ സ്വകാര്യ വിവരങ്ങളും ചോർന്നിട്ടുണ്ട്
ഫേസ്ബുക് അക്കൗണ്ടുകളിലെ വിവരങ്ങൾ ചോർന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സൈബർ ക്രൈം ഇന്റലിജൻസ് കമ്പനിയായ ഹഡ്‌സൺ റോക്കിന്റെ സിടിഒ അലോൺ ഗാൽ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരുടെ അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ 106 രാജ്യങ്ങളിലെ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിൽ പലതും ഫേക്ക് അക്കൗണ്ടുകൾ നിർമ്മിക്കാനായി ഫോൺ നമ്പർ ഉപയോഗിച്ചവരുടെ വിവരങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഈ വിവരങ്ങൾ 2 വർഷം മുൻപേ ചോർന്നതാണെന്നാണ് ഫേസ്ബുക്കിന്റെ പ്രതികരണം. ഈ വിവരങ്ങൾ ആർക്കും പ്രശ്‌നം ഉണ്ടാക്കുന്നതല്ലെന്നും തകരാറുകൾ 2019 പരിഹരിച്ചതാണെന്നും കമ്പനി അറിയിച്ചു.