ഒഴിഞ്ഞു തീര്‍ന്ന കൂടുപോലെ വീണ്ടും ജീവിതം
നിലക്കാത്ത ഉരു പോലെ തെന്നി നീങ്ങി അങ്ങോളം
ഒന്നിലും കുറയാതെ നിന്നു,ദിനങ്ങള്‍ മണിക്കുറുകള്‍ .
എവിടെയോ ചോര്‍ന്നു പോയ ദിനങ്ങള്‍ ,
നീണ്ടു നീങ്ങി ഉറവയായി,കണ്ണുനീര്‍ എന്നെന്നും
മടകെട്ടി അടച്ചില്ല ജീവിതം,അണകെട്ടിയില്ല.
ഒഴുക്കിനെതിരെ നീങ്ങിയില്ല എന്‍ ഹൃദയം,
ദു:ഖം ചാലായി,നീരായി,സമുദ്രത്തിലടങ്ങി,
എല്ലാം അവസാനിക്കുന്ന ദൈവത്തിന്‍ സമുദ്രം.
വലിയ പ്രതീക്ഷകളും ചിറകിലേറ്റി അയര്ലണ്ടിലെത്തിയ സിനി ചാക്കോ അപ്രതീഷിതമായി ഉണ്ടായ വാഹന അപകടത്തില്‍ പെട്ട് അയർലണ്ടിലെ കോര്‍ക്കില്‍ 12-04-2018 ൽ ചികിത്സയിൽ കഴിയവേ ഇന്നേ ദിവസം ആണ് നമ്മളെല്ലാവരിൽ നിന്നും വിട്ടുപിരിഞ്ഞത്. ആ നക്ഷത്രത്തിന്റെ ഓർമ്മക്കായി നമുക്ക് ഒരു നിമിഷത്തെ മാറ്റിവയ്ക്കാം. അയർലണ്ടിൽ എമ്പാടും ഉള്ള മലയാളികൾക്കും പ്രത്യേകിച്ചും കോർക്കിലെ മലയാളി സമൂഹവും കുടുംബവും ഓർമ്മിക്കുന്ന ഈ വേളയിൽ പ്രിയ സിനി ചാക്കോയ്ക്ക് ഒരു പിടി പ്രാത്ഥനകളും പൂക്കളും മനസ്സുകൊണ്ട് അർപ്പിക്കാം.
കോര്‍ക്കിലെ സാര്‍സ് ഫീല്‍ഡ് റോഡിലെ കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഐസിയുവിലായിരുന്ന മലയാളി നഴ്‌സ് സിനി ചാക്കോ ഇന്ന് ഉച്ചയ്ക്ക് 11 മണിയോടെ മരണത്തിന് കീഴടങ്ങി. കോട്ടയം ,ചങ്ങനാശ്ശേരി വട്ടന്‍ച്ചിറ കുറുച്ചി, പാറശേരി സ്വദേശിനിയായ സിനി ചാക്കോ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നേഴ്സായി ജോലിചെയ്തു വരികയായിരുന്നു.
തലേ മാസം പതിനാലാം തീയതി രാത്രി ആശുപത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകും വഴിയാണ് നിര്‍ഭാഗ്യകരമായ അപകടം സംഭവിച്ചത്. സ്റ്റാര്‍സ് ഫീല്‍ഡ് ക്രോസിങ്ങിലെ റൗണ്ട് എബൗട്ടില്‍ റോഡ് മുറിച്ചു കടക്കവെ സിനിയെ കാര്‍ വന്നു ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അബോധാവസ്ഥയിലായ സിനിയെ ആംബുലന്‍സില്‍ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും അബോധാവസ്ഥയില്‍ നിന്ന് വീണ്ടെടുക്കാനായില്ല.
അപകടവിവരമറിഞ്ഞു കേരളത്തില്‍ നിന്നും സിനിയുടെ മാതാപിതാക്കളും,ഗള്‍ഫിലുള്ള സഹോദരനും കോര്‍ക്കില്‍ എത്തിയിരുന്നു.കഴിഞ്ഞ ദിവസം സിനിയ്ക്ക് വേണ്ടി കോര്‍ക്ക് യൂണിവേഴ്സിറ്റി ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനാശുശ്രൂഷകളും നടത്തുകയും കൂദാശകള്‍ നല്‍കുകയും ചെയ്തിരുന്നു.
സിനി രോഗാവസ്ഥ അതിജീവിക്കാനായുള്ള സാധ്യതയില്ലെന്ന സൂചനകള്‍ ആശുപത്രി അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നുവെങ്കിലും പ്രാത്ഥനപൂര്‍വം,പ്രതീക്ഷയോടെ കാത്തിരുന്ന കുടുംബാംഗങ്ങളെ ദുഃഖത്തിലാഴ്ത്തി കൊണ്ടാണ് സിനി കടന്നുപോയത്.മരണസമയത്ത് മാതാപിതാക്കളും, സഹോദരനും, ഉള്‍പ്പെടയുള്ള ബന്ധുക്കളും,കോര്‍ക്ക് ഹോളി ട്രിനിറ്റി മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.ജോര്‍ജ് സക്കറിയയും അടക്കമുള്ളവര്‍ സിനിയുടെ സമീപത്തുണ്ടായിരുന്നു.
വെന്റിലേറ്റര്‍ സഹായം ഒഴിവാക്കാന്‍ ഡോക്റ്റര്‍മാര്‍ തീരുമാനിച്ചിരുന്നു. ഉച്ചയോടെയാണ് വെന്റിലേറ്റര്‍ ഒഴിവാക്കിയത്. സിനിയുടെ അകാലത്തിലുള്ള നിര്യാണവാര്‍ത്തയറിഞ്ഞ് കോര്‍ക്ക് മലയാളി സമൂഹവും ദുഖത്തിലായി .ഒരു ഘട്ടത്തില്‍ സിനിയുടെ ജീവന്‍ രക്ഷിക്കാനാവുമെന്ന പ്രതീക്ഷയുയര്‍ന്നിരുന്നുവെങ്കിലും വിധിയോടും,ഈശ്വരനിശ്ചയത്തോടും വിധേയപ്പെട്ടാണ് സിനി ചാക്കോ കടന്നു പോയത്. കോട്ടയം കുറിച്ചി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഇടവകാംഗമായ സിനിയുടെ സംസ്‌കാരം പിന്നീട് കേരളത്തില്‍ നടത്തപ്പെട്ടു.
"സിനി ചാക്കോ" ഈ നക്ഷത്രം പൊലിഞ്ഞിട്ട് ഇന്നേക്ക്
(ഏപ്രിൽ 12 ) ഓർമ്മയുടെ
3ാം വര്ഷം