മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എംജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു. 71 വയസ്സായിരുന്നു. ദില്ലിയിലെ വസതിയില്‍ വെച്ച് വെള്ളിയാഴ്ച രാത്രിയോടെയാണ് അന്ത്യം.
ഓര്‍ത്തഡോക്‌സ് സഭയുടെ മുന്‍ ട്രസ്റ്റി കൂടിയാണ് എംജി ജോര്‍ജ് മുത്തൂറ്റ്.വാര്‍ധക്യസഹജമായ രോഗങ്ങള്‍ ബാധിച്ച എംജി ജോര്‍ജ് മുത്തൂറ്റ് ദില്ലിയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. സ്റ്റെയര്‍കേസ് ഇറങ്ങുന്നതിനിടെ വീണ് അദ്ദേഹത്തിന് പരിക്ക് പറ്റിയിരുന്നു. ഉടനെ തന്നെ അദ്ദേഹത്തെ ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സാറ ജോര്‍ജ് മുത്തൂറ്റ് ആണ് എംജി ജോര്‍ജ് മുത്തൂറ്റിന്റെ ഭാര്യ. സാറ ജോര്‍ജ് മുത്തൂറ്റ് ദില്ലി സെന്റ് ജോര്‍ജ്‌സ് ഹൈസ്‌കൂള്‍ ഡയറക്ടറാണ്. മുത്തൂറ്റ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ്, ഗ്രൂപ്പ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്, പരേതനായ പോള്‍ മുത്തൂറ്റ് ജോര്‍ജ് എന്നിര്‍ മക്കളാണ്. 1993ല്‍ ആണ് ജോര്‍ജ് മുത്തൂറ്റ് കമ്പനി ചെയര്‍മാനാകുന്നത്. വ്യവസായികളുടെ കൂട്ടായ്മയായ ഫിക്കിയുടെ കേരള ഘടകം ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1949ല്‍ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയില്‍ എം ജോര്‍ജ് മുത്തൂറ്റിന്റെ മകനായാണ് എംജി ജോര്‍ജ് മുത്തൂറ്റിന്റെ ജനനം. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം സ്വന്തമാക്കി. 1979ല്‍ അദ്ദേഹം മുത്തൂറ്റ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായി സ്ഥാനമേറ്റു. 2020ലെ ഫോബ്‌സ് റിപ്പോര്‍ട്ട് പ്രകാരമുളള ഇന്ത്യയിലെ ധനികരുടെ കൂട്ടത്തില്‍ മലയാളികളില്‍ ഒന്നാം സ്ഥാനത്ത് ജോര്‍ജ് മുത്തൂറ്റ് ഇടം പിടിച്ചിരുന്നു. മുത്തൂറ്റ് ഗ്രൂപ്പിന്റെ ആസ്തി 35,500 കോടി രൂപയാണ്