യുകെയിൽ പ്ലീമൗത്തിൽ മലയാളി രാകേഷ് വല്ലിട്ടയിലിനു ദാരുണാന്ത്യം
ഇന്നലെ യുകെയിൽ പ്ലീമൗത് തീരത്തെത്തിയ മലയാളി കുടുംബത്തിന് നഷ്ടപ്പെട്ടത് അവരുടെ എല്ലാമായിരുന്ന അംഗത്തെ. പ്ലീമൗത്ത് കടൽ തീരത്ത് നീന്താൻ ഇറങ്ങിയ മലയാളി മലപ്പുറം സ്വദേശി രാകേഷ് വല്ലിട്ടയിലിനു ആണ് ദാരുണാന്ത്യം സംഭവിച്ചത്.
ബ്രിസ്റ്റോളില് ഉള്ള മലയാളി കുടുംബത്തിന്റെ സഹായം നാട്ടിൽ നിന്നും തേടിയതോടെയാണ് പ്ലീമൗത്തിലെ മലയാളികൾ വിവരം അറിയുന്നത്. വൈകുന്നേരത്തോടെയാണ് വിവരം പുറത്തു വന്നത്. നീന്താൻ കടലിൽ ഇറങ്ങിയ ഡോ. രാകേഷ് കടൽച്ചുഴിയിൽ പെട്ടെന്നാണ് കരുതപ്പെടുന്നത്. പ്ലീമൗത്തിൽ കടൽ തീരത്തു നീന്തുന്നത് അത്ര സുരക്ഷിതം അല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പ്ലീമൗത്ത് NHS ആശുപത്രിയിലെ മെഡിക്കൽ ഇമേജിങ് ടെക്നോളോജിസ്റ് ആയി ജോലി ചെയ്യുന്ന രാകേഷ് യുകെയിൽ എത്തിയതിനു മുൻപ് ഗൾഫിൽ ആയിരുന്നു. ( ഹോമിയോപ്പതിയിൽ ബിരുദം കൂടിയുള്ള രാകേഷ് ദുബായിലെ പ്രശസ്തമായ റാഷിദ് ഹോസ്പിറ്റലിൽ അടക്കം സേവനം ചെയ്തിട്ടുണ്ട് ). മലപ്പുറം തിരൂർ സ്വദേശിയാണ്. ഭാര്യ ഷാരോൺ രാകേഷ് ഹോമിയോപ്പതി ഡോക്ടറാണ്.
ഇന്നലെ ഉച്ചകഴിഞ്ഞു 1:35 ന് ആണ് സംഭവം ഉണ്ടാകുന്നത്. യുവാവ് കടലിൽ ഇറങ്ങിയിട്ടും കാണാതെ വന്നപ്പോൾ കൂടെ എത്തിയവർ ബഹളം വച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് എത്തി നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. മുങ്ങി പോകുക ആയിരുന്ന രാകേഷിനെ തിരക്കി ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ലൈഫ് ബോട്ടുകൾ മിൽബേ മറിന വില്ലേജിൽ നിന്നും പുറപ്പെടുകയും രാകേഷിനെ കണ്ടെത്തുകയും ആയിരുന്നു. എങ്കിലും രാകേഷിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.ഉടൻ പ്ലീമൗത്ത് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി അറിയിക്കുകയായിരുന്നു. പ്ലീമൗത്ത് ആൻഡ് ഡെവോൺ പൊലീസ് ആണ് വിശദാംശങ്ങൾ നാട്ടിൽ ബന്ധുക്കളെ അറിയിച്ചതെന്ന് പറയപ്പെടുന്നു. എന്നാൽ രാകേഷിനെ കണ്ടെത്താൻ എത്ര സമയം വേണ്ടിവന്നു എന്ന കാര്യം വ്യക്തമല്ല.
പ്ലീമൗത്ത് കോസ്റ്റ് ഗാർഡിലെ പന്ത്രണ്ടോളം പേരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. മറൈൻ യൂണിറ്റ്, സൗത്ത് വെസ്റ്റ് ആബുലൻസ് സർവീസ്, പ്ലീമൗത്ത് കോസ്റ്റ് ഗാർഡ് ഉൾപ്പെടെയുള്ളവർ സഹായത്തിനായി സംഭവസ്ഥലത്തു എത്തി.
മരിച്ച യുവ ഡോക്ടർ രാകേഷ് വല്ലിട്ടയിലിനു അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌷🌷🌷 യുക് മി അയർലണ്ട്