സമകാലിക നിരൂപണം : തുടരും
രചന : രാജേഷ് സുകുമാരൻ, റൈറ്റേഴ്‌സ്റ്റേഴ്സ് ചോയ്‌സ്സ്
വലിയ സ്വപ്‌നങ്ങൾ കാണുന്നവനേ വലിയ നേട്ടങ്ങൾ ഉണ്ടാവൂ എന്ന് വര്ഷങ്ങൾക്ക് മുൻപേ ഏതോ പുസ്തകത്തിൽ വായിച്ച് , പുസ്തകം താഴെ വെച്ച നിമിഷം തന്നെ, ഒരു എസ് ക്ലാസ് മേടിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു.
തുരുത്തിയിലെ ആദ്യത്തെ ബെൻസ് ! കാലം ഓവർസ്പീഡിൽ ഓടുന്നതുകൊണ്ടും , തുരുത്തിയിൽ ധാരാളം മിടുക്കന്മാർ ഉള്ളത് കൊണ്ടും അതത്ര പ്രാക്ടിക്കൽ അല്ല എന്ന് ഈയിടെ തോന്നിത്തുടങ്ങി . ഞാൻ വാങ്ങില്ല എന്നല്ല , എന്നെക്കാൾ മുൻപേ വേറെ പലരും വാങ്ങും എ ന്ന് . അതുകൊണ്ട് ഞാൻ എന്റെ ബാർ ഇത്തിരികൂടെ മുകളിലേക്ക് കയറ്റിയങ്ങു സെറ്റ് ചെയ്തു . ഞായറാഴ്ച ആയതുകൊണ്ട് ഇഷ്ടംപോലെ സമയവും ഉണ്ടെന്നു കൂട്ടിക്കോ...
കേരളത്തിൽ വളരെ കുറച്ചാളുകൾക്കെ സ്വന്തമായി ജെറ്റ് ഉള്ളൂ . ഒത്തിരിപ്പേരൊന്നും മേടിക്കാനും പോണില്ല . എനിക്കൊരെണ്ണം ഉണ്ടേൽ എന്താ , കയ്ക്കുവോ ? ജെറ്റ് വാങ്ങുക തന്നെ ! തീരുമാനിച്ചു . ഏതു ലക്ഷ്യവും സാധിക്കണമെങ്കിൽ ആദ്യം വേണ്ടത് അതിനെകുറിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടാക്കുക എന്നതാണ് .
എങ്ങോട്ടാണ് പോകുന്നതെന്ന് തീരുമാനിക്കാതെ സ്റ്റാൻഡിൽ പോയി നിന്നിട്ടെന്തു കാര്യം ?
ഉടനെ തന്നെ ഗൂഗിൾ ചെയ്തു. ഏകദേശ വിലയും കിട്ടി.. ഒറ്റ എൻജിനും ഒറ്റ സീറ്റും ഒള്ള വണ്ടിക്ക് വിലക്കുറവാ, ഒരു പതിനയ്യായിരം ഡോളറിനു താഴെ കിട്ടും. ജെറ്റിന്റെ ഏകദേശ വില മൂന്നു ലക്ഷം ഡോളർ... കുഴപ്പമില്ല , അത്യാവശ്യം സിസിയും കിട്ടും എന്നാണ് ഗൂഗിളിന്റെ വിദഗ്ധാഭിപ്രായം. ഇനിയിപ്പോ ജെറ്റ് നിർത്തിയിടാൻ ഒരു സ്ഥലം വേണം ..ആറന്മുള നടക്കുകേല എന്നുറപ്പായ സ്ഥിതിക്ക്, നെടുമ്പാശ്ശേരി തന്നെ നോക്കാം .
നോക്കിയപ്പോളൊ , എന്റെ പൊന്നോ , സംഗതി കൈ പൊള്ളുന്ന കേസാ ...
ഒടുക്കത്തെ കാശു വേണം ഹാങ്ങറിന് - നമ്മടെ പ്ലെയ്ൻ ഇടാനുള്ള പോർച്ചില്ലേ ? അത് തന്നെ !
നമ്മക്ക് ഓട്ടം ഇല്ലാത്തപ്പോഴൊക്കെ ഇടണ്ടേ ? ഹോ ..
ചുമ്മാ ചെലവൊന്നു കണക്കു കൂട്ടി നോക്കി , പൈലറ്റ്ന്റെ ശമ്പളം(അത് നമ്മള് പഠിച്ചെടുക്കുന്നതു വരെ മതീന്ന് വെക്കാം) , എയർ ഹോസ്റ്റസ് എന്തായാലും വേണം , പിന്നെ വണ്ടീടെ മെയിന്റനൻസ് , ഫ്യുവൽ എല്ലാം കൂടെ നല്ലൊരു തുക വേണം .. അല്ല അങ്ങനെ നോക്കീട്ടു കാര്യമില്ല. ആനയെ മേടിക്കാമെങ്കിലാണോ പിന്നെ തോട്ടി?
ഡാ.......
...പ്ലാനിങ് തടസ്സപ്പെടുത്തിക്കൊണ്ട് അടുക്കളേന്നൊരു വിളി
" നിനക്കിത്തിരി മീൻ മേടിച്ചോണ്ട് വരാവോ ? "
...അമ്മയാണ് ..
എന്നാപ്പിന്നെ ഞാറാഴ്ചയായിട്ട് ഇനി അതിന്റെ കുറവ് വേണ്ട . നേരെ ധർമൂസ് ഫിഷ് ഹബ്ബിലേക്കു വിടാം . ഇനി എങ്ങാനും ധർമജനെ പരിചയപ്പെടാൻ പറ്റിയാ , പറയാനൊരു വിശേഷം ആകുമല്ലോ ന്നു കരുതി അവിടുന്നാണ് മീൻ വാങ്ങീര്.. ഞാൻ വണ്ടിയെടുത്തു..പുന്നമൂട് ജംക്ഷൻ കഴിഞ്ഞു കാണും ഒരു ജെറ്റ് ലേശം താണ് പറന്നു പോണു..കൊച്ചി സൈഡിലേക്കാണെന്നു തോന്നുന്നു.. സൗണ്ടിൽ ഒരു കിലുകിലാ ശബ്ദം ഉണ്ട്.. റിങ്‌സ് അടിക്കുന്ന ശബ്ദം..പിസ്റ്റനും ബോർ ചെയ്യാറായി.. ജോയിച്ചായന്റെ പഴേ വണ്ടി ആണെന്ന് തോന്നുന്നു. ഞാൻ ഒരു ചെറുചിരിയോടെ മനസ്സിലോർത്തു . പെട്ടന്നാണ് കൊലവിളി പോലെ നീട്ടിയൊരു ഹോൺ കേട്ടത്.. എന്റെ സ്ഥാപനം ഇരിക്കുന്ന ബിൽഡിങ്ങിൽ തന്നെ വേറൊരു കമ്പ്യൂട്ടർ സെന്റർ നടത്തുന്ന ചേട്ടന്റെ കയ്യീന്ന് കൊട്ടേഷൻ വാങ്ങിയത് പോലെ, ഒരു സൂപ്പർഫാസ്റ്റ് എന്റെ നേരെ പാഞ്ഞുവന്നു.. ഒരു നിമിഷം എന്റെ ശ്രദ്ധ ആകാശത്തൂന്ന് റോഡിലേക്കായി .. നിമിഷാർദ്ധത്തിൽ,45 ഡിഗ്രി ബാങ്ക് ആംഗിളിൽ ആദ്യം ഇടത്തേക്കും പിന്നെ വലത്തേക്കും ഞാൻ വണ്ടി വെട്ടിത്തിരിച്ചു . ഒരു സർക്കസുകാരിയുടെ മെയ്‌വഴക്കത്തോടെ കെസ്ആർടിസിയിൽ നിന്നും രക്ഷപെട്ട വണ്ടി , എന്നെയും കൊണ്ട് ചങ്ങനാശേരിക്ക് പറന്നുചെന്ന് ധർമൂസിന്റെ മുന്നിൽ കിതച്ചു നിന്നു ..
ഐസുകട്ടകൾക്കിടയിൽ ഒളിച്ചിരിക്കുന്ന മീനുകളുടെ , നെയിം ബോർഡുകൾ . റെഡ്പല്ലി , സുന്ദരിക്കോത , ഉണ്ണിമേരി , തത്ത .- ഫയങ്കരം തന്നെ ! ഈ മീനൊക്കെ ആരാവും പേരിടുന്നതാവോ ?
കാളാഞ്ചി മേടിക്കാനാണ് അമ്മേടെ ഓർഡർ , വില നോക്കി , എണ്ണൂറ്റി അൻപത് രൂപ . അത്രേം വിലേടെ മീൻ ഒന്നും കഴിക്കണ്ട കാര്യമില്ല . ഞാൻ മനസ്സിലോർത്തു . വറ്റ അഞ്ഞൂറ്റമ്പത് - അടുത്ത ബോർഡ് . അത്രേം വേണോ ഞാൻ ഒന്ന് ശങ്കിച്ചു .
തൊട്ടപ്പുറത്ത് കൂരി എന്നെ നോക്കി ചിരിച്ചു.കിലോയ്ക്ക് വെറും 260 രൂപ മാത്രം. ഇത് മതി..ഞാൻ ഉറപ്പിച്ചു..
ഇതെന്നാ മീനാരുന്നു ? ഊണിനിരുന്നപ്പോ 'അമ്മ ചോദിച്ചു
കാളാഞ്ചി ..ഞാൻ ഒട്ടും സംശയിച്ചില്ല ..
ഏതായാലും , കാളാഞ്ചിയല്ല . അവന്മാര് നിന്നെ പറ്റിച്ചതാ ..മരം പോലിരിക്കുന്നു. ഒരു ടേസ്റ്റും ഇല്ല താനും .
ഞാൻ ഒന്നും മിണ്ടാൻ പോയില്ല ..
ഇവിടെ ഹാങ്ങറിനു വാടക കൊടുക്കാൻ കാശെങ്ങനെ ഉണ്ടാക്കുമെന്നോർത്ത് മനുഷ്യൻ വിഷമിക്കുകാ അപ്പളാ കാളാഞ്ചി. ഇത് മേടിച്ചപ്പോ തന്നെ രൂപ ഇരുനൂറ്ററുപത് പോയി ...
കിലോക്ക് 120 ന് മത്തി ഉണ്ടാരുന്നു . അത് മേടിച്ചാ മതിയാരുന്നു . കുന്തം !
ശ്രദ്ധിക്കുക : കഥയുടെ എല്ലാ അവകാശങ്ങളും എഴുത്തുകാരനിൽ നിക്ഷിപ്‌തമായിരിക്കും യുക് മി വെബ്‌കൺടെന്റ് അവകാശങ്ങൾ യുക് മി കമ്മ്യൂണിറ്റിയിൽ ആയിരിക്കും.
" ഒരു ചൊവ്വാഴ്ച്ച പോസ്റ്റ് - " അയർലണ്ടിൽ നിന്നും രാജേഷ് സുകുമാരൻ എഴുതുന്നു എഡിറ്റേഴ്സ് ചോയ്‌സ്സിൽ .. ചൊവ്വാഴ്ച്ച പോസ്റ്റ് ...." ഒരു ചൊവ്വാഴ്ച്ച പോസ്റ്റ് - " തുടർ പോസ്റ്- അയർലണ്ടിൽ നിന്നും രാജേഷ് സുകുമാരൻ എഴുതുന്നു ..വായിക്കുക - ചൊവ്വാഴ്ച്ച പോസ്റ്റ് : തുടരും.. https://t.co/40UZHOJB7r pic.twitter.com/MGT7arM5hf
— UCMI (@UCMI5) February 15, 2021