ഇന്ന് നമ്മുടെ രാജ്യം 72-ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ചരിത്രം ദർശിച്ച ഏറ്റവും ശക്തമായ സാമ്രാജ്യത്വഭരണകൂടത്തിനു കീഴിൽ നൂറ്റാണ്ടുകളോളം അടിമകളായി കഴിയേണ്ടി വന്ന ഒരു ജനത, തങ്ങൾ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണെന്ന് ലോകത്തിനു മുന്നിൽ ഉറക്കെ പ്രഖ്യാപിച്ച ദിവസമാണിന്ന്. നൂറു കണക്കിനു നാട്ടു രാജ്യങ്ങളും, ഉപദേശീയതകളും, ഭാഷകളും, മതങ്ങളും, ജാതിയും, വംശങ്ങളുമെല്ലാം കൊണ്ട് സങ്കീർണമായ രാഷ്ട്രീയ-സാംസ്കാരിക പരിസരം നിലനിന്നിരുന്ന ഒരു പ്രദേശം ഒരൊറ്റ രാജ്യമായി മാറിയ ചരിത്ര മുഹൂർത്തത്തെയാണ് ഇന്ന് നാം ഓർക്കുന്നത്.
ഇന്ന് നമ്മുടെ രാജ്യം 72-ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്
ചൊവ്വാഴ്ച, ജനുവരി 26, 2021
ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൻ്റെ ആത്മാവായ അതിൻ്റെ ഭരണഘടനയുടെ പ്രാധാന്യം ഈ ദിവസം നമ്മെ ഓർമ്മിപ്പിക്കുന്നു. മലയാളിയും തമിഴനും പഞ്ചാബിയും ബംഗാളിയും മണിപ്പൂരിയും കശ്മീരിയും ഉത്തർപ്രദേശുകാരനുമെല്ലാം അവനവൻ്റെ വൈജാത്യങ്ങൾക്കൊക്കെ അതീതമായി ഇന്ത്യക്കാരനായി നിലനിൽക്കുന്നത് നമ്മുടെ ഭരണഘടനയിൽ കുടികൊള്ളുന്ന ഇന്ത്യയെന്ന സത്തയെ ഉൾക്കൊള്ളുന്നതിനാലാണ്.
ആ ഭരണഘടനയുടെ അടിസ്ഥാനശിലകൾ ഇളക്കാൻ ശ്രമം നടക്കുന്ന കാലത്തിലൂടെയാണ് നാട് ഇന്ന് കടന്നു പോകുന്നത്. ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മതേതര-ജനാധിപത്യ മൂല്യങ്ങൾ ആക്രമിക്കപ്പെടുന്നു. സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമായി മാറുന്നു. അസമത്വം രൂക്ഷമായിരിക്കുന്നു.
ഈ പ്രവണതകൾക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധം ജനങ്ങളിൽനിന്നുയരുകയാണ്. കോർപ്പറേറ്റുകൾക്ക് ജീവിതം തീറെഴുതിക്കൊടുക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കർഷക സഹസ്രങ്ങൾ രാജ്യതലസ്ഥാനത്ത് സമരവേലിയേറ്റം സൃഷ്ടിച്ചിരിക്കുന്നു. അവർ തലസ്ഥാന നഗരത്തിൽ ട്രാക്റ്റർ റാലി നടത്തുകയാണ്. കേവലം കർഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളുടെ പുന:സ്ഥാപനം കൂടിയാണ് ഈ പ്രതിഷേധങ്ങൾ ആവശ്യപ്പെടുന്നത്.
ഇന്ത്യ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് പ്രഖ്യാപിക്കുന്ന ഭരണഘടനയുടെ അന്തസത്ത കാത്തുസൂക്ഷിക്കാൻ അചഞ്ചലരായി ഒറ്റക്കെട്ടായി നിൽക്കുമെന്ന് ഈ വേളയിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം.
source: https://www.facebook.com/PinarayiVijayan/